തിരുവനന്തപുരം : സംസ്ഥാനത്ത് ഇത്തവണ കാലവർഷം നേരത്തെ എത്തുകയും ശക്തമായി തുടരുകയും ചെയ്യുന്നതോടെ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു. ഇടുക്കി ഡാമിൽ മുൻവർഷത്തേക്കാൾ 12 അടിയോളം ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 130 അടിക്ക് മുകളിൽ എത്തി.
നിലവിൽ 2344.01 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. കാലവർഷം എത്തുന്നതിനു മുൻപ് സംഭരണ ശേഷിയുടെ 30 ശതമാനം മാത്രമായിരുന്നു ഇടുക്കി ഡാമിൽ ജലനിരപ്പ് ഉണ്ടായിരുന്നത്. എന്നാൽ ശക്തമായ വേനൽ മഴയും പിന്നീട് കാലവർഷം നേരത്തെ എത്തിയതും അണക്കെട്ടിലെ ജലനിരപ്പ് ഉയരാൻ കാരണമായി.
മെയ് 24 നാണ് കേരളത്തിൽ കാലവർഷമെത്തിയത്.
ഒരാഴ്ചകൊണ്ട് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പതിനഞ്ചടിയിലധികം കൂടി. നിലവിൽ അണക്കെട്ടിന്റെ സംഭരണ ശേഷിയുടെ 42 ശതമാനത്തോളം വെള്ളമുണ്ട്. സാധാരണ ഈ സമയത്ത് കേരളത്തിൽ ലഭിക്കേണ്ടത് 37 മില്ലിമീറ്റർ മഴയാണ്. എന്നാൽ ഇത്തവണത്തെ ഇതുവരെയുള്ള കാലവർഷത്തിൽ ഇടുക്കിയിൽ 505 മില്ലീമീറ്റർ മഴയാണ് പെയ്തത്. കൂടിയ മഴയും ഡാമുകളിൽ ജലനിരപ്പ് ഉയരുന്നതും കെഎസ്ഇബിയുടെ വൈദ്യുതി ഉത്പാദനത്തിന് ഏറെ ഗുണകരമാകുന്നതാണ്.
Discussion about this post