ന്യൂഡൽഹി : ഇന്ത്യയിൽ കോവിഡ് കേസുകളിൽ വീണ്ടും വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിച്ച രണ്ടുപേർ മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കേരളത്തിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിലവിൽ 1400 ആക്ടീവ് കോവിഡ് കേസുകൾ ആണ് കേരളത്തിലുള്ളത്. ഇന്ത്യയിൽ 3,758 സജീവ കോവിഡ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 24 മണിക്കൂറിനിടെ 363 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
കേരളത്തിൽ 24 മണിക്കൂറിനിടെ 64 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 24 വയസ്സുള്ള യുവതിയാണ് കേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചത്. മറ്റു രോഗങ്ങൾ കൊണ്ടുള്ള ബുദ്ധിമുട്ടുകൾ കൂടിയുള്ളതാണ് ഈ യുവതിയുടെ അവസ്ഥ സങ്കീർണമാക്കിയത്. സെപ്സിസ്, രക്താതിമർദ്ദം, ഡീകംപെൻസേറ്റഡ് ക്രോണിക് ലിവർ ഡിസീസ് (DCLD) എന്നീ അസുഖങ്ങൾ കൂടി ഈ യുവതിക്ക് ഉണ്ടായിരുന്നു. ഇതോടൊപ്പം കോവിഡ് ബാധ കൂടി ഉണ്ടായതോടെയാണ് സങ്കീർണാവസ്ഥയിലായി മരണം സംഭവിച്ചത്.
മഹാരാഷ്ട്രയിലും കേരളത്തിലും ജനുവരി മുതൽ ഏഴ് കോവിഡ് മരണങ്ങൾ വീതം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് കോവിഡ് ബാധിതരിൽ രണ്ട് പേരാണ് മരിച്ചത്. കേരളത്തിൽ നിന്നുള്ള യുവതി കൂടാതെ കർണാടകയിൽ നിന്നുള്ള 63 വയസ്സുകാരനാണ് മരിച്ചത്. ഇദ്ദേഹത്തിന് ശ്വാസകോശ രോഗങ്ങളും ക്ഷയ രോഗവും ഉണ്ടായിരുന്നതാണ് സ്ഥിതിഗതികൾ വഷളാക്കിയത്.
Discussion about this post