ചെന്നൈ : തമിഴ്നാട്ടിൽ മലയാളി പെൺകുട്ടി കൊല്ലപ്പെട്ടു. പ്രണയാഭ്യർത്ഥന നിരസിച്ച കാരണത്താൽ പെൺകുട്ടിയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പൊള്ളാച്ചി പൊന്മുത്തു നഗറിൽ താമസിക്കുന്ന അഷ് വിക (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഉദുമൽപേട്ട റോഡ് അണ്ണാ നഗർ സ്വദേശിയായ പ്രവീൺ കുമാർ ആണ് പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയത്. ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് ഇയാൾ. പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയ സമയം നോക്കി വീട്ടിൽ അതിക്രമിച്ചു കയറിയാണ് ഇയാൾ കൊലപാതകം നടത്തിയത്. അഞ്ചുവർഷത്തോളം കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീടിനു സമീപത്തായിരുന്നു ഇയാൾ താമസിച്ചിരുന്നത്.
കോയമ്പത്തൂരിലെ സ്വകാര്യ കോളേജിലെ രണ്ടാം വർഷ ബിഎസ് സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ട അഷ് വിക. പ്രതി നേരത്തെ തന്നെ പെൺകുട്ടിയെ നിരന്തരമായി ശല്യം ചെയ്തിരുന്നതാണ് സൂചന. ഇയാളുടെ പ്രണയാഭ്യർത്ഥന പെൺകുട്ടിയെ നിരസിച്ചിരുന്നു. ഇതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കുത്തേറ്റ് പെൺകുട്ടിയുടെ കഴുത്തിനും നെഞ്ചിനും ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നതായി പോലീസ് വ്യക്തമാക്കി. പ്രതിക്കെതിരെ കൊലപാതക കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു.
Discussion about this post