ലഖ്‌നൗ : ഉത്തർപ്രദേശ് പോലീസ് സേനയിൽ അഗ്നിവീറുകൾക്ക് 20% സംവരണം ഉറപ്പിച്ച് യോഗി ആദിത്യനാഥ് സർക്കാർ. ഇന്ന് രാവിലെ ചേർന്ന് മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. സിവിൽ പോലീസ് കോൺസ്റ്റബിൾമാർ, പിഎസി (പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി), മൗണ്ടഡ് പോലീസ് കോൺസ്റ്റബിൾമാർ, ഫയർമാൻമാർ എന്നിവയുൾപ്പെടെയുള്ള വകുപ്പുകളിൽ മുൻ അഗ്നിവീറുകൾക്ക് സംവരണത്തോടെ നിയമനം നൽകും.
അഗ്നിപഥ് പദ്ധതി പ്രകാരം നാല് വർഷത്തെ സൈനിക സേവനമാണ് അഗ്നിവീറുകൾക്ക് ഉള്ളത്. ഇതിനുശേഷം അഗ്നിവീറുകൾക്ക് മറ്റു ജോലികൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഉത്തർപ്രദേശ് സംസ്ഥാന പോലീസിൽ സംവരണം ഏർപ്പെടുത്തിയിരിക്കുന്നത്. ദേശീയ പ്രതിരോധത്തിന് നൽകുന്ന സംഭാവനകളെ അംഗീകരിച്ചുകൊണ്ട് രാജ്യസേവനത്തിന് ശേഷം അവർക്ക് മറ്റു തൊഴിലവസരങ്ങൾ ഉറപ്പാക്കാൻ സംസ്ഥാന പ്രതിജ്ഞാബദ്ധം ആണെന്ന് ഉത്തർപ്രദേശ് മന്ത്രിസഭ അംഗീകരിച്ചു.
2022 ജൂണിൽ ആണ് കേന്ദ്രസർക്കാർ ഹ്രസ്വകാല സൈനിക റിക്രൂട്ട്‌മെന്റ് സംരംഭമായ അഗ്നിപഥ് പദ്ധതി ആരംഭിച്ചത്. അഗ്നിപഥ് പദ്ധതി പ്രകാരം റിക്രൂട്ട് ചെയ്യപ്പെടുന്ന യോദ്ധാക്കളാണ് അഗ്നിവീറുകൾ. കരസേന, നാവികസേന, വ്യോമസേന എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ സായുധ സേനകളിലേക്ക് യുവത്വവും സാങ്കേതിക പരിജ്ഞാനവും ചലനാത്മകതയും വളർത്തിയെടുക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
Discussion about this post