തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ എതിര്‍പ്പ് ഉയര്‍ന്നെങ്കിലും പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി വിലക്കി. വിഎസ് മല്‍സരിക്കരുതെന്ന് എം.എം. ലോറന്‍സും എന്‍.ആര്. ബാലനും പി. മോഹനനും ആവശ്യപ്പെട്ടു.
വിഎസ് മല്‍സരിക്കണമെന്ന പൊളിറ്റ് ബ്യൂറോ നിര്‍ദേശം റിപ്പോര്‍ട്ട് ചെയ്ത ഉടനെയാണ് എതിര്‍പ്പ് ഉയര്‍ന്നത്. ജനങ്ങളുടെ അഭിപ്രായം വിഎസ് മല്‍സരിക്കുന്നതിന് എതിരെന്ന് പി.മോഹനന് അഭിപ്രായപ്പെട്ടു. എന്നാല്‍ ജനാഭിപ്രായം പറയേണ്ട, സ്വന്തം അഭിപ്രായം പറഞ്ഞാല്‍ മതിയെന്ന് യച്ചൂരി പറഞ്ഞു.
വി.എസ്. അച്യുതാനന്ദന് സിറ്റിങ് സീറ്റായ മലമ്പുഴയില്‍ തന്നെ മല്‍സരിക്കും. പാര്‍ലമെന്ററി രംഗത്തേക്ക് മടങ്ങിവരുന്ന പിണറായി വിജയന് കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടത്ത് മത്സരിക്കും.
അതേ സമയം സിപിഎം ജില്ലാ സെക്രട്ടറിമാരായ പി.രാജീവ് (എറണാകുളം), വി.എന്‍. വാസവന് (കോട്ടയം), സജി ചെറിയാന് (ആലപ്പുഴ) എന്നിവര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല. ഇവര്‍ക്ക് മല്‍സരിക്കാന്‍ ഇളവ് വേണ്ടെന്ന് സംസ്ഥാന സമിതി തീരുമാനിച്ചു. വയനാട് ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രനും തൃശൂര്‍ ജില്ലാ സെക്രട്ടറി എ.സി. മൊയ്തീനും തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനും മല്‍സരിക്കും.
അതേസമയം, യോഗ്യരായ സ്ഥാനാര്‍ഥികളില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആറന്മുളയിലെ സ്ഥാനാര്‍ഥിപ്പട്ടിക റദ്ദു ചെയ്തു. എറണാകുളം ജില്ലയില്‍ രണ്ടു പേരുടെ കാര്യത്തില്‍ മാത്രം തീരുമാനമെടുത്തു. എസ്.ശര്‍മ വൈപ്പിനിലും സാജു പോള്‍ പെരുമ്പാവൂരും ജനവിധി തേടും.
കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ കഴിഞ്ഞ തവണ മല്‍സരിച്ച് ജയിച്ച എ. പ്രദീപ് കുമാറും പൊന്നാനി എംഎല്‍എ പി.ശ്രീരാമകൃഷ്ണനും വീണ്ടും ജനവിധി തേടും. ടി.എന്‍.സീമ (വട്ടിയൂര്‍ക്കാവ്), ഐ.ബി.സതീഷ് (കാട്ടാക്കട), വി.ശിവന്‍കുട്ടി (നേമം) എന്നിവരും മല്‍സരരംഗത്തുണ്ട്. തിരുവനന്തപുരം സെന്‍ട്രല്‍ ഒഴിച്ചിട്ടു. നെയ്യാറ്റിന്‍കര, പാറശാല സീറ്റുകളില്‍ തീരുമാനമായില്ല.
Discussion about this post