ന്യൂഡൽഹി : പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയതിന് പഞ്ചാബിൽ നിന്നുമുള്ള യൂട്യൂബർ അറസ്റ്റിൽ. 1.1 ദശലക്ഷം സബ്‌സ്‌ക്രൈബർമാരുള്ള യൂട്യൂബർ ജസ്ബീർ സിംഗ് ആണ് ചാരപ്രവർത്തനത്തിന്റെ പേരിൽ പഞ്ചാബിൽ നിന്നും അറസ്റ്റിൽ ആയിരിക്കുന്നത്. അറസ്റ്റിലായ യൂട്യൂബർക്ക് ജ്യോതി മൽഹോത്രയുമായും ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
‘ജാൻ മഹൽ’ എന്ന യൂട്യൂബ് ചാനലിലൂടെ ആണ് ജസ്ബീർ സിംഗ് പ്രശസ്തനായിരുന്നത്. ചാരവൃത്തി ശൃംഖലയുമായി ബന്ധമുള്ള നിരവധി പാകിസ്താൻ ഹാൻഡ്‌ലർമാരുമായി ഇയാൾ ബന്ധപ്പെട്ടിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, മൊഹാലിയിലെ സ്റ്റേറ്റ് സ്‌പെഷ്യൽ ഓപ്പറേഷൻസ് സെൽ നടത്തിയ അന്വേഷണങ്ങളെ തുടർന്നാണ് ജസ്ബീർ സിംഗ് അറസ്റ്റിലായിട്ടുള്ളത്.
ഡൽഹിയിലെ പാകിസ്താൻ എംബസിയിൽ നടന്ന ദേശീയ ദിന പരിപാടിയിൽ ജസ്ബീർ പങ്കെടുത്തതായും അവിടെ വെച്ച് പാകിസ്താൻ ആർമി ഉദ്യോഗസ്ഥരെയും വ്ലോഗർമാരെയും കണ്ടതായും അന്വേഷണത്തിൽ വ്യക്തമായി. പിന്നീട് മൂന്നുതവണ ഇയാൾ പാകിസ്താൻ സന്ദർശിച്ചു. ഹരിയാനയിൽ നിന്നുള്ള യൂട്യൂബർ ജ്യോതി മൽഹോത്രയുടെ അറസ്റ്റിനുശേഷം നടത്തിയ അന്വേഷണങ്ങളാണ് ജസ്ബീർ സിംഗിന്റെ പാകിസ്താൻ ബന്ധങ്ങൾ പുറത്തുകൊണ്ടുവന്നത്.
Discussion about this post