വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ച് ഭീഷണിപ്പെടുത്തിയാണ് ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ ഇന്ത്യ വെടിനിർത്തലിന് തയ്യാറായത് എന്ന രാഹുൽഗാന്ധിയുടെ പരാമർശത്തിന് ചുട്ട മറുപടിയുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. ട്രംപ് ഇന്ത്യയുടെ ഒരു വിഷയത്തിലും ഇടപെട്ടിട്ടില്ല. ഓപ്പറേഷൻ സിന്ദൂറിലോ തുടർന്നുണ്ടായ സംഘർഷങ്ങളിലോ ഒരു ഘട്ടത്തിലും ഒരു മൂന്നാംകക്ഷി ഇടപെടൽ ഉണ്ടായിട്ടില്ല. ഇന്ത്യ സംഭാഷണങ്ങൾക്ക് തയ്യാറാകും, പക്ഷേ ഒരിക്കലും നിർബന്ധങ്ങൾക്ക് വഴങ്ങില്ല. നമ്മുടെ തലക്ക് നേരെ തോക്ക് ചുണ്ടുന്നവരോട് ഒരു ചർച്ചയുമില്ല എന്നും ശശി തരൂർ വ്യക്തമാക്കി.
പാകിസ്താന്റെ ഭീകരതാവളങ്ങൾ തകർക്കുക എന്നത് മാത്രമായിരുന്നു ഓപ്പറേഷൻ സിന്ദൂറിന്റെ ലക്ഷ്യം. തുടർന്ന് പാകിസ്താൻ ആക്രമിച്ചത് കൊണ്ട് മാത്രമാണ് ഇന്ത്യ തിരിച്ചു ആക്രമിച്ചത്. അവർ നിർത്താൻ തയ്യാറായപ്പോൾ ഇന്ത്യയും നിർത്തി. വെടിനിർത്തൽ പാകിസ്താന്റെ ആവശ്യമായിരുന്നു. ഭീകര ഭീഷണി നിലനിൽക്കുന്നിടത്തോളം കാലം ഇന്ത്യ പാകിസ്താനുമായി ഒരു ചർച്ചക്കും തയ്യാറാല്ല എന്നും ശശി തരൂർ വ്യക്തമാക്കി.
യുഎസിലേക്കുള്ള ഇന്ത്യൻ സർവകക്ഷി സംഘത്തെ നയിക്കുന്ന കോൺഗ്രസ് എംപി ശശി തരൂർ വാഷിംഗ്ടണിലെ നാഷണൽ പ്രസ് ക്ലബ്ബിൽ സംസാരിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതിർത്തി കടന്നുള്ള ഭീകരതയെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് യുഎസ് ഉൾപ്പെടെയുള്ള എല്ലാ പങ്കാളികൾക്കും വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post