തിരുവനന്തപുരം : രാജ് ഭവനിൽ നടക്കുന്ന പരിസ്ഥിതി ദിനാഘോഷം ബഹിഷ്കരിച്ച് സംസ്ഥാന കൃഷി മന്ത്രി പി പ്രസാദ്. രാജ്ഭവനിലെ വേദിയിൽ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നതാണ് കൃഷിമന്ത്രിയെ ചൊടിപ്പിച്ചത്. ഇത് ആർഎസ്എസിന്റെ ചിത്രമാണെന്നും വേദിയിൽ നിന്നും മാറ്റണമെന്നും ഉള്ള കൃഷിമന്ത്രിയുടെ ആവശ്യം ഗവർണർ നിരസിച്ചു. ഇതോടെയാണ് ചടങ്ങ് ബഹിഷ്കരിക്കാൻ സംസ്ഥാന കൃഷിമന്ത്രി തീരുമാനിച്ചത്.
തുടർന്ന് കൃഷി വകുപ്പിന്റെ പരിസ്ഥിതി ദിന പരിപാടി രാജ്ഭവനിൽ നിന്നും സെക്രട്ടറിയേറ്റിലേക്ക് മാറ്റി. ഗവർണര്‍ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നിലപാടിനെതിരെ രൂക്ഷ വിമർശനമാണ് കൃഷി വകുപ്പിൽ നിന്നും ഉയരുന്നത്. സർക്കാർ പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെക്കാൻ ഒരു തരത്തിലും സമ്മതിക്കില്ല എന്ന് കൃഷിവകുപ്പ് വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം രാജ്ഭവനിൽ സംഘടിപ്പിച്ച പരിപാടിക്കാണ് ഭാരതാംബയുടെ ചിത്രം വേദിയിൽ സ്ഥാപിച്ചിരുന്നത്. ഈ പരിപാടിയിൽ ചിത്രത്തിൽ പുഷ്പാർച്ചനയും ദീപം തെളിയിക്കലും നടത്തിയിരുന്നു. എന്നാൽ ഈ ചിത്രം പിന്നീട് എടുത്തു മാറ്റേണ്ട എന്ന് തീരുമാനമാണ് ഗവർണർ കൈകൊണ്ടത്. പരിസ്ഥിതി ദിന ആഘോഷവുമായി ബന്ധപ്പെട്ട് ഇന്ന് രാജ്ഭവനിൽ നടത്താനിരുന്ന പരിപാടിയിലും ഈ ചിത്രം ഉണ്ടായതോടെ എടുത്തു മാറ്റണമെന്ന് കൃഷിവകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഗവർണർ ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന് നിലപാട് സ്വീകരിക്കുകയായിരുന്നു.
Discussion about this post