ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയുടെ കരുത്തുറ്റ നയതന്ത്ര ഇടപെടലുകളെ ചെറുക്കുന്നതിനും ആഗോളതലത്തിൽ തങ്ങളുടെ സ്ഥാനം നിലനിർത്തുന്നതിനുമായി പാകിസ്താൻ പെടാപ്പാട് പെടുകയാണ്.
പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള പാക് സർക്കാർ, പരിചയസമ്പന്നരായ രാഷ്ട്രീയക്കാരുടെയും മുൻ നയതന്ത്രജ്ഞരുടെയും പിന്തുണയോടെ രണ്ട് നയതന്ത്ര ദൗത്യങ്ങൾ ആരംഭിച്ചു. പാക് വിദേശകാര്യ ഓഫീസ് പറയുന്നതനുസരിച്ച്, ‘ഇന്ത്യൻ ആക്രമണത്തെക്കുറിച്ചുള്ള പാകിസ്താന്റെ കാഴ്ചപ്പാട് ഉയർത്തിക്കാട്ടുക’, ഏറ്റുമുട്ടലിനെക്കുറിച്ച് സംഭാഷണത്തിന് ആഹ്വാനം ചെയ്യുക എന്നിവയാണ് ലക്ഷ്യം.
പാകിസ്താന്റെ ഒൻപതംഗപ്രതിനിധി സംഘം നിലവിൽ ന്യൂയോർക്ക്, വാഷിംഗ്ടൺ ഡിസി, ലണ്ടൻ, ബ്രസ്സൽസ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുകയാണ്. മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി നയിക്കുന്ന സംഘത്തിൽ ഫെഡറൽ മന്ത്രി മുസാദിക് മാലിക്, മുൻ വിദേശകാര്യ മന്ത്രിമാരായ ഹിന റബ്ബാനി ഖാർ, ഖുറം ദസ്ത്ഗിർ ഖാൻ തുടങ്ങിയ പ്രമുഖരും മുൻ വിദേശകാര്യ സെക്രട്ടറിമാരായ ജലീൽ അബ്ബാസ് ജിലാനി, തെഹ്‌മിന ജൻജുവ തുടങ്ങിയ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു
ഇന്ത്യ സ്വന്തം ആഗോള ഇടപെടലുകൾ നടത്തി, 33 രാജ്യങ്ങളിലേക്ക് ഏഴ് ബഹുകക്ഷി പാർലമെന്ററി പ്രതിനിധികളെ അയച്ചു, തീവ്രവാദത്തിനെതിരായ വാദം അവതരിപ്പിച്ചു, സ്വന്തം മണ്ണിൽ പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ നിർണായക നടപടി സ്വീകരിക്കാൻ പാകിസ്താനിൽ അന്താരാഷ്ട്ര സമ്മർദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ടു. ഇതിനു തൊട്ടുപിന്നാലെയാണ് ഈ നീക്കം.
Discussion about this post