മുംബൈ : ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള നടിയായ ദീപിക പദുകോൺ തന്റെ പ്രണയ വിവാദങ്ങൾ കൊണ്ട് എല്ലായ്പ്പോഴും ശ്രദ്ധ നേടിയിട്ടുള്ള വ്യക്തി കൂടിയാണ്. സിദ്ധാർത്ഥ് മല്യ, യുവരാജ് സിംഗ്, രൺബീർ കപൂർ, രൺവീർ സിംഗ് എന്നിവരുമായുള്ള ദീപികയുടെ പ്രണയം ബോളിവുഡ് ഏറെ ആഘോഷിച്ചിരുന്നതാണ്. നടൻ രൺവീർ സിങ്ങുമായുള്ള ദീപികയുടെ പ്രണയം ഒടുവിൽ വിവാഹത്തിലും എത്തിച്ചേർന്നിരുന്നു. സന്തോഷകരമായ വിവാഹ ജീവിതം നയിക്കുന്ന ഇരുവർക്കും ദുവ എന്നൊരു മകളും ഉണ്ട്.
ഇപ്പോൾ ദീപിക പദുകോണുമായുള്ള തന്റെ മുൻ പ്രണയം വെളിപ്പെടുത്തിയിരിക്കുകയാണ് നടനും മോഡലുമായ മുസമ്മിൽ ഇബ്രാഹിം. താനും ദീപികയും രണ്ടു വർഷത്തിലേറെ പ്രണയത്തിലായിരുന്നു എന്ന് മുസമ്മിൽ അടുത്തിടെ ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. രണ്ടുവർഷത്തോളം തങ്ങൾ ഒരുമിച്ച് താമസിച്ചു. ദീപിക തന്നോട് വിവാഹ അഭ്യർത്ഥനയും നടത്തിയിരുന്നു. ദീപിക ഒരു മോഡലായി മുംബൈയിലെത്തിയ ആദ്യകാലത്ത് ആയിരുന്നു ഇത് നടന്നതെന്നും മുസമ്മിൽ ഇബ്രാഹിം വെളിപ്പെടുത്തി.
അന്ന് ദീപിക ഒരു മോഡൽ ആയി ആരംഭം കുറിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ താൻ ആ സമയം അറിയപ്പെടുന്ന മോഡലും നടനുമായി മാറിക്കഴിഞ്ഞിരുന്നു. ഞങ്ങൾക്കിടയിലുള്ള പ്രണയം വളരെ പെട്ടെന്ന് സംഭവിച്ച ഒന്നായിരുന്നു. രണ്ടു വർഷത്തോളം ഞങ്ങൾ ഒന്നിച്ചു കഴിഞ്ഞു. അത് എന്റെ ആദ്യത്തെ പ്രണയമായിരുന്നു. അക്കാലത്ത് ഞങ്ങൾ വളരെ സാധാരണമായ ജീവിതമായിരുന്നു നയിച്ചിരുന്നത്. മിക്കപ്പോഴും മുംബൈയിലൂടെ ഓട്ടോകളിൽ യാത്ര ചെയ്യുമായിരുന്നു. അന്ന് ഞങ്ങൾ ഒരുമിച്ച് നിരവധി ഫാഷൻ ഷോകളും ചെയ്തിരുന്നു. ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കളായി തുടരുന്നുണ്ട് എന്നും മുസമ്മിൽ ഇബ്രാഹിം വെളിപ്പെടുത്തി.
Discussion about this post