ന്യൂഡൽഹി : റിപ്പോ നിരക്കിൽ മാറ്റം പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2025 ലെ തുടർച്ചയായ മൂന്നാമത്തെ എംപിസി യോഗത്തിലാണ് ആർബിഐ റിപ്പോ നിരക്കിൽ കുറവ് പ്രഖ്യാപിച്ചത്. റിപ്പോ നിരക്ക് 5.5 ശതമാനമാക്കി കുറയ്ക്കാനാണ് റിസർവ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്. എംപിസി അംഗങ്ങൾ റിപ്പോ നിരക്കിൽ 50 ബേസിസ് പോയിന്റ് കുറയ്ക്കുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തു. ഇതോടെ റിപ്പോ നിരക്ക് 6 ശതമാനത്തിൽ നിന്ന് 5.5% ആയി കുറഞ്ഞു. വെള്ളിയാഴ്ച നടന്ന എംപിസി യോഗത്തിന് ശേഷം റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പോളിസി പലിശ നിരക്കുകൾ കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മറ്റു ബാങ്കുകൾക്ക് പണം വായ്പയായി നൽകുന്ന നിരക്കാണ് റിപ്പോ നിരക്ക്. റിപ്പോ നിരക്ക് കുറയുമ്പോൾ, ബാങ്കുകൾക്ക് വായ്പയെടുക്കുന്നത് വിലകുറഞ്ഞതായിത്തീരുന്നു. ഇതോടെ ബാങ്കുകൾക്ക് അവരുടെ ഉപഭോക്താക്കൾക്ക് കുറഞ്ഞ പലിശ നിരക്കിൽ പണം വായ്പ നൽകാൻ കഴിയും. ഇത്തരത്തിൽ കൂടുതൽ വായ്പകൾ ജനങ്ങളിലേക്ക് എത്തുന്നത് വഴി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയിലും മെച്ചമുണ്ടാകും എന്ന് റിസർവ് ബാങ്ക് കണക്കുകൂട്ടുന്നു.
ബാങ്കുകൾ നൽകുന്ന ഭവന, വാഹന, കോർപ്പറേറ്റ് വായ്പകളിലെ പലിശ നിരക്ക് കുറയുന്നതിന് റിസർവ് ബാങ്കിന്റെ റിപ്പോ നിരക്കിൽ കുറവ് വരുത്തൽ സഹായകരമാകും. കോവിഡിന് ശേഷം തുടർച്ചയായ മൂന്നാം തവണയാണ് റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറയ്ക്കുന്നത്. 2025 ഫെബ്രുവരി മുതൽ, ആർബിഐ പോളിസി നിരക്ക് 100 ബേസിസ് പോയിന്റുകൾ കുറച്ചു. പലിശ നിരക്കുകളിൽ കുറവ് വരുത്തുന്നത് വളർച്ച വർദ്ധിപ്പിക്കുമെന്ന് എംപിസി വിശ്വസിക്കുന്നുവെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര വ്യക്തമാക്കി.
റിസർവ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗം ജൂൺ 4 മുതൽ ജൂൺ 6 വരെ മൂന്ന് ദിവസം നീണ്ടുനിന്നു. റിപ്പോ നിരക്ക് കുറയ്ക്കൽ, സിആർആർ എന്നിവയുൾപ്പെടെ നിരവധി പ്രധാന തീരുമാനങ്ങൾ യോഗത്തിൽ എടുത്തിട്ടുണ്ട്. നവംബറോടെ ബാങ്കിംഗ് സംവിധാനത്തിലേക്ക് 2.5 ലക്ഷം കോടി രൂപയുടെ പണലഭ്യത എത്തിക്കുന്നതിനുള്ള തയ്യാറെടുപ്പാണ് ആർബിഐ നടത്തുന്നത്. 2026 സാമ്പത്തിക വർഷത്തിലെ ചില്ലറ പണപ്പെരുപ്പ പ്രവചനം 30 ബേസിസ് പോയിന്റ് കുറച്ച് 3.7 ശതമാനമാക്കിയതായി റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര അറിയിച്ചു. 2026 സാമ്പത്തിക വർഷത്തിലെ ജിഡിപി വളർച്ചാ എസ്റ്റിമേറ്റ് 6.5 ശതമാനമായി നിലനിർത്തി. 2025 മെയ് 30-ന് റിസർവ് ബാങ്കിന്റെ വിദേശനാണ്യ കരുതൽ ശേഖരം 692.7 ബില്യൺ ഡോളറിൽ നിന്ന് 691.5 ബില്യൺ ഡോളറായി കുറഞ്ഞുവെന്ന് ആർബിഐ ഗവർണർ പറഞ്ഞു. റിസർവ് ബാങ്കിന്റെ അടുത്ത എംപിസി യോഗം ഓഗസ്റ്റ് 4 മുതൽ 6 വരെ ആയിരിക്കും നടക്കുക.
Discussion about this post