റായ്പൂർ : രാജ്യത്തെ രണ്ട് സംസ്ഥാനങ്ങൾക്ക് ഭീഷണി ഉയർത്തിയിരുന്ന കുപ്രസിദ്ധ കമ്മ്യൂണിസ്റ്റ് ഭീകരൻ ഭാസ്കർ എന്നറിയപ്പെടുന്ന മൈലാരപു അഡെല്ലു (53) ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സിപിഐ (മാവോയിസ്റ്റ്) തെലങ്കാന സംസ്ഥാന കമ്മിറ്റിയിലെ പ്രധാന നേതാവായിരുന്നു ഭാസ്‌കർ. തെലങ്കാനയിലും ഛത്തീസ്ഗഡിലും നിരവധി കമ്മ്യൂണിസ്റ്റ് ഭീകര ക്രിമിനൽ പ്രവർത്തനങ്ങളിൽ ഇയാൾ പങ്കാളിയായിരുന്നു. ഇരു സംസ്ഥാനങ്ങളും തേടിയിരുന്ന ഇയാൾക്ക് തലയ്ക്ക് 45 ലക്ഷം രൂപ വിലയും ഇട്ടിരുന്നു.
ഛത്തീസ്ഗഡിൽ 25 ലക്ഷം രൂപയും തെലങ്കാനയിൽ 20 ലക്ഷം രൂപയും ആയിരുന്നു ഇയാളുടെ തലയ്ക്ക് വിലയുണ്ടായിരുന്നത്. ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിലെ ഇന്ദ്രാവതി ദേശീയോദ്യാന പ്രദേശത്ത് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ആണ് ഭാസ്കർ കൊല്ലപ്പെട്ടത്. ഇന്നലെ ഇതേ മേഖലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മറ്റൊരു പ്രസിദ്ധ കമ്മ്യൂണിസ്റ്റ് ഭീകരനായ സുധാകർ കൊല്ലപ്പെട്ടിരുന്നു.
തെലങ്കാനയിലെ അദിലാബാദ് ജില്ലയിൽ താമസിക്കുന്ന ഭാസ്‌കർ മാവോയിസ്റ്റുകളുടെ ടിഎസ്‌സിയുടെ മഞ്ചേരിയൽ-കൊമരംഭീം (എംകെബി) ഡിവിഷന്റെ സെക്രട്ടറിയായിരുന്നു. കമ്മ്യൂണിസ്റ്റ് ഭീകര സംഘടനയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിനും യുവാക്കളെ അതിൽ ചേരാൻ പ്രേരിപ്പിക്കുന്നതിനുമുള്ള ചുമതലയായിരുന്നു ഇയാൾക്ക് ഉണ്ടായിരുന്നത്. സംസ്ഥാന പോലീസിന്റെ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്), ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ് (ഡിആർജി), സിആർപിഎഫിന്റെ സ്പെഷ്യലൈസ്ഡ് യൂണിറ്റ് കോബ്ര എന്നിവയിലെ ഉദ്യോഗസ്ഥർ ബുധനാഴ്ച മുതൽ നടത്തിവരുന്ന നക്സൽ വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി ഇന്ന് നടന്ന വെടിവെപ്പിലാണ് ഭാസ്കർ കൊല്ലപ്പെട്ടത്.
Discussion about this post