ടെൽ അവീവ് : ഒക്ടോബർ 7 ഭീകരാക്രമണത്തിൽ ഹമാസ് തട്ടിക്കൊണ്ടുപോയിരുന്ന ബന്ദികളിൽ ഉൾപ്പെട്ടിരുന്ന തായ്‌ലൻഡ് പൗരന്റെ മൃതദേഹം കണ്ടെത്തി. കിബ്ബറ്റ്സ് നിർ ഓസിൽ നിന്ന് തട്ടിക്കൊണ്ടുപോയ തായ് പൗരനായ നട്ടാപോങ് പിന്റയുടെ മൃതദേഹം ഇസ്രായേൽ സൈന്യമാണ് കണ്ടെത്തിയത്. ഗാസയിൽ ഇസ്രായേൽ നടത്തുന്ന പ്രത്യേക ദൗത്യത്തിന് ഇടയിലായിരുന്നു തായ് പൗരന്റെ മൃതദേഹം കണ്ടെത്തിയത്.
ഹമാസിന്റെ തടവിൽ കഴിയവേ യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ അദ്ദേഹം കൊല്ലപ്പെട്ടിരുന്നു എന്നാണ് വ്യക്തമാവുന്നത്. ഗാസയിൽ നിന്നും അദ്ദേഹത്തിന്റെ മൃതദേഹ അവശിഷ്ടങ്ങളാണ് ഇസ്രായേൽ സൈന്യം കണ്ടെത്തിയത്. ടാസ്‌ക് ഫോഴ്‌സും ഇന്റലിജൻസ് യൂണിറ്റുകളും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തെക്കൻ ഗാസയിലെ റാഫ പ്രദേശത്ത് നിന്ന് പിന്റയുടെ അവശിഷ്ടങ്ങൾ കണ്ടെടുത്തത് എന്നാണ് ഇസ്രായേൽ സൈന്യം വ്യക്തമാക്കുന്നത്.
ഇസ്രായേലിന്റെ കാർഷിക മേഖലയിൽ ജോലി ചെയ്തിരുന്ന വ്യക്തിയാണ് നട്ടാപോങ് പിന്റ. ഒക്ടോബർ 7 ലെ ഭീകരാക്രമണത്തിൽ ക്രോസ്ഫയറിൽ നിരവധി തായ് തൊഴിലാളികളും പെട്ടിരുന്നു. ഹമാസിന്റെ നേതൃത്വത്തിലുള്ള ഭീകരാക്രമണത്തിൽ ബന്ദികളാക്കപ്പെട്ട വിദേശ പൗരന്മാരിൽ ഏറ്റവും കൂടുതൽ പേർ തായ്‌ലൻഡുകാരായിരുന്നു. സംഘർഷത്തിൽ ഇതുവരെ കുറഞ്ഞത് 46 തായ്‌ലൻഡ് പൗരന്മാർ കൊല്ലപ്പെട്ടതായി തായ്‌ലൻഡ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Discussion about this post