പട്ന : ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരത്തിന് ഒരുങ്ങി ആം ആദ്മി പാർട്ടി. പ്രതിപക്ഷ സഖ്യത്തിൽ നിന്നും പിന്മാറുന്നതായി നേരത്തെ വ്യക്തമാക്കിയ ആം ആദ്മി പാർട്ടി ബിഹാറിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് തയ്യാറെടുക്കുന്നത്. സംസ്ഥാനത്തെ പാർട്ടി പ്രവർത്തകരെ സംഘടിപ്പിക്കുന്നതിനും തിരഞ്ഞെടുപ്പ് പ്രചാരണത്തിനുമായി ആം ആദ്മി പാർട്ടി ബീഹാറിൽ കെജ്‌രിവാൾ അഭിയാൻ യാത്ര ആരംഭിച്ചു. ഡൽഹി വികസന മാതൃക വോട്ടർമാരിലേക്ക് എത്തിക്കുന്നതിനാണ് യാത്ര നടത്തുന്നത് എന്നാണ് ആം ആദ്മി പാർട്ടി വ്യക്തമാക്കുന്നത്.
ഈ വർഷം അവസാനം നടക്കുന്ന ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്ന് എഎപി വ്യക്തമാക്കി. ബീഹാറിൽ ഏഴ് ഘട്ടങ്ങളിലായി നടത്തുന്ന കെജ്രിവാൾ അഭിയാൻ യാത്രയ്ക്ക് ആം ആദ്മി പാർട്ടിയുടെ ബീഹാർ സംസ്ഥാന പ്രസിഡന്റ് രാകേഷ് യാദവ് നേതൃത്വം നൽകും. ബീഹാറിലെ എല്ലാ ഗ്രാമങ്ങളിൽ നിന്നുമുള്ള ആളുകൾ ഡൽഹിയിലുണ്ടെന്നും വിദ്യാഭ്യാസം, ആരോഗ്യം മുതൽ അടിസ്ഥാന സൗകര്യങ്ങൾ വരെയുള്ള മേഖലകളിൽ എഎപി സർക്കാർ എത്രമാത്രം വികസനം നടത്തിയെന്ന് അവർ കണ്ടിട്ടുണ്ടെന്നും ആം ആദ്മി പാർട്ടിയുടെ സംസ്ഥാന നേതൃത്വം പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിയമസഭാ മണ്ഡലങ്ങളിലും എഎപിക്ക് ഇതിനകം ഒരു സംഘടനാ യൂണിറ്റ് ഉണ്ടെന്നും ബൂത്ത് ലെവൽ യൂണിറ്റുകളും ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും ബീഹാറിലെ എഎപി നേതാവ് അജേഷ് യാദവ് അറിയിച്ചു. ബീഹാറിലെ 243 സീറ്റുകളിലും മറ്റൊരു പാർട്ടിയുടെയും പിന്തുണയില്ലാതെ ഒറ്റയ്ക്ക് മത്സരിക്കും. പാർട്ടി പ്രവർത്തകർക്ക് പുറമേ, ബീഹാറിലെ പൊതുജനങ്ങളും ഞങ്ങൾ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട് എന്നും അജേഷ് യാദവ് വ്യക്തമാക്കി.
Discussion about this post