റായ്പൂർ : ഛത്തീസ്ഗഡിൽ ഐഇഡി സ്ഫോടനത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. സുക്മ ജില്ലയിൽ തിങ്കളാഴ്ചയാണ് സ്ഫോടനമുണ്ടായത്. കമ്മ്യൂണിസ്റ്റ് ഭീകരർ സ്ഥാപിച്ച ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തു (ഐഇഡി) പൊട്ടിത്തെറിച്ച് ഒരു അഡീഷണൽ സൂപ്രണ്ട് റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി ഛത്തിഗഡ് ഉപമുഖ്യമന്ത്രി വിജയ് ശർമ്മ സ്ഥിരീകരിച്ചു. നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്.
സിപിഐ (മാവോയിസ്റ്റ്) ജൂൺ 10 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത സാഹചര്യത്തിൽ, കമ്മ്യൂണിസ്റ്റ് ഭീകരരുടെ പ്രവർത്തനങ്ങൾ തടയുന്നതിനായി അയച്ച കാൽനട പട്രോളിംഗ് സംഘമാണ് ഐഡി സ്ഫോടനത്തിന് ഇരയായത്. സുക്മ ജില്ലയിലെ കോണ്ട-എറാബോർ റോഡിലെ ഡോണ്ട്രയ്ക്ക് സമീപം കമ്മ്യൂണിസ്റ്റ് ഭീകരർ നടത്തിയ പ്രഷർ ഐഇഡി സ്ഫോടനത്തിൽ, കോണ്ട ഡിവിഷനിലെ അഡീഷണൽ പോലീസ് സൂപ്രണ്ട് (എഎസ്പി) ആകാശ് റാവു ഗിർപുഞ്ചേ ആണ് വീരമൃത്യു വരിച്ചത്.
സ്ഫോടനത്തിൽ കോണ്ട എസ്ഡിപിഒയ്ക്കും ലോക്കൽ സ്റ്റേഷൻ ഇൻ ചാർജിനും ഉൾപ്പെടെ പരിക്കേറ്റിട്ടുള്ളതായി ഛത്തീസ്ഗഡ് പോലീസ് വ്യക്തമാക്കി. ജൂൺ 10 ലെ ബന്ദിന് മുന്നോടിയായി മുൻകരുതൽ നടപടിയായി സെൻസിറ്റീവ് മേഖലകളിൽ കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. കൂടുതൽ സംഘർഷം ഉണ്ടാകാതിരിക്കാൻ കോമ്പിംഗ് പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ് എന്നും ഛത്തീസ്ഗഡ് പോലീസ് അറിയിച്ചു.
Discussion about this post