കോഴിക്കോട് : ജമാഅത്തെ ഇസ്ലാമി മതരാഷ്ട്ര വാദികൾ തന്നെയെന്ന് മുസ്ലിം സംഘടനകൾ. സംഘടന മതരാഷ്ട്രവാദം ഉപേക്ഷിച്ചു എന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവന വിവിധ മുസ്ലിം സംഘടനകൾ തള്ളി. ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് വേണ്ടപോലെ പഠിച്ചിട്ടല്ല വി ഡി സതീശൻ ഈ പ്രസ്താവന നടത്തിയത് എന്ന് സമസ്ത കാന്തപുരം വിഭാഗം അഭിപ്രായപ്പെട്ടു. മുജാഹിദ് പ്രസ്ഥാനവും സതീശനെ തള്ളി.
ജമാഅത്തെ ഇസ്ലാമി പഴയ ആശയങ്ങൾ ഒഴിവാക്കി എന്ന സതീശന്റെ പ്രസ്താവന ഗൗരവതരമാണെന്ന് കാന്തപുരം വിഭാഗം നേതാവ് റഹ്മത്തുള്ള സഖാഫി എളമരം സൂചിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി ഒരു രാഷ്ട്രീയപാർട്ടി രൂപീകരിച്ചത് അവരുടെ ആശയങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെയാണ്. സംഘടനയെക്കുറിച്ച് പ്രതിപക്ഷ നേതാവ് വേണ്ടത്ര പഠിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദികൾ തന്നെയാണെന്ന് മുജാഹിദ് പ്രസ്ഥാനവും വ്യക്തമാക്കി. സംഘടനയുടെ മതരാഷ്ട്ര വാദങ്ങളോട് തങ്ങൾക്ക് യോജിപ്പില്ല എന്ന് കെഎന്‍എം സംസ്ഥാന പ്രസിഡന്റ് ടിപി അബ്ദുള്ള കോയ മദനി അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്ലാമി മതത്തെ രാഷ്ട്രീയകാര്യങ്ങൾക്കായി വ്യാഖ്യാനിച്ചു. പിഡിപിയോടും ജമാഅത്തെ ഇസ്ലാമിയോടും തങ്ങൾക്ക് വിയോജിപ്പാണ് ഉള്ളത് എന്നും ടിപി അബ്ദുള്ള കോയ മദനി സൂചിപ്പിച്ചു.
Discussion about this post