ന്യൂഡൽഹി : അഹമ്മദാബാദ് വിമാനാപകടത്തിൽ ദുഃഖം രേഖപ്പെടുത്തി ലോക രാഷ്ട്രത്തലവന്മാർ. വിമാനാപകട വാർത്ത പുറത്തുവന്ന് വൈകാതെ തന്നെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അനുശോചന സന്ദേശം അയച്ചു. ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിഡിയൻ സറും അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി. ഇസ്രായേലിന്റെ ഹൃദയം ഇന്ത്യൻ ജനതയ്ക്ക് ഒപ്പം ഉണ്ട് എന്ന് അദ്ദേഹം പ്രതികരിച്ചു.
ഇന്ത്യയിൽ നിന്നുള്ള ഹൃദയഭേദകമായ വാർത്ത എന്നാണ് യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പ്രതികരിച്ചത്. ഇന്ത്യയിലെ ചൈനീസ് അംബാസഡർ സൂ ഫെയ്‌ഹോങ്ങും ദാരുണമായ വിമാനാപകടത്തിൽ മരിച്ച എല്ലാവർക്കും അനുശോചനങ്ങൾ അറിയിച്ചു. ഇന്ത്യയിലെ യുഎസ് മിഷനെ പ്രതിനിധീകരിച്ച്, യുഎസ് ചാർജ് ഡി അഫയേഴ്‌സ് ജോർഗൻ ആൻഡ്രൂസ് ദുഃഖം പ്രകടിപ്പിക്കുകയും ഭയാനകമായ ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനങ്ങൾ അറിയിക്കുകയും ചെയ്തു.
ലണ്ടനിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണതിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി. ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ഡേവിഡ് ലാമിയും വിനാശകരമായ വിമാനാപകടത്തിൽ ദുഃഖം രേഖപ്പെടുത്തുകയും ദുരിതബാധിതർക്ക് അനുശോചനം അറിയിക്കുകയും ചെയ്തു. ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയും മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവും മാലദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുള്ള ഖലീലും അസർബൈജാൻ വിദേശകാര്യ മന്ത്രാലയവും അപകടത്തിൽ മരണപ്പെട്ടവർക്ക് അനുശോചനങ്ങൾ അറിയിക്കുകയും ഇന്ത്യൻ അധികാരികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.
Discussion about this post