ന്യൂഡൽഹി : അഹമ്മദാബാദിൽ എയർ ഇന്ത്യ ഫ്ലൈറ്റ് AI-171 അപകടത്തിൽപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഉന്നതതല സമിതിയെ നിയോഗിച്ച് കേന്ദ്രസർക്കാർ. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിന് ഒരു ഉന്നതതല, മൾട്ടി-ഡിസിപ്ലിനറി കമ്മിറ്റി രൂപീകരിക്കുന്നതായി സിവിൽ ഏവിയേഷൻ മന്ത്രാലയം പ്രഖ്യാപിച്ചു. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന വിമാനം തകർന്നുണ്ടായ അപകടത്തിൽ 297 പേർ കൊല്ലപ്പെടുകയും 60 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അപകടത്തിലേക്ക് നയിച്ച സംഭവങ്ങൾ വിലയിരുത്തുകയും നിലവിലെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ (എസ്‌ഒപി) അവലോകനം ചെയ്യുകയുമായിരിക്കും പുതുതായി രൂപീകരിച്ച ഉന്നതലസമിതി ആദ്യഘട്ടത്തിൽ ചെയ്യുക. നിലവിലുള്ള സുരക്ഷാ പ്രോട്ടോക്കോളുകളും സമിതി വിലയിരുത്തും. ഭാവിയിൽ ഇതേ രീതിയിലുള്ള സംഭവങ്ങൾ തടയുന്നതിനായി ശ്രദ്ധിക്കേണ്ടതും ജാഗ്രത പുലർത്തേണ്ടതും ആയ കാര്യങ്ങൾ ശുപാർശ ചെയ്യുക എന്നുള്ളതാണ് ഉന്നതതല സമിതിയുടെ പ്രധാന ലക്ഷ്യം.
കമ്മിറ്റി സ്വതന്ത്രമായി പ്രവർത്തിക്കുമെന്നും ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ നടക്കുന്ന വ്യോമയാന, ഫോറൻസിക് അന്വേഷണങ്ങളിൽ പുതിയ ഉന്നതതല സമിതിയുടെ ഇടപെടലുകൾ ഉണ്ടാകില്ല. ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള SOP-കൾ രൂപപ്പെടുത്തുന്നതിൽ ആണ് ഉന്നതതല സമിതിയുടെ അന്വേഷണം പ്രധാനമായും ശ്രദ്ധ പുലർത്തുക എന്നും സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു.
Discussion about this post