ഒരു ആണവ ശക്തിയായി ഉയരാനുള്ള ഇറാന്റെ ശ്രമങ്ങൾക്ക് ഏറ്റവും വലിയ തിരിച്ചടിയാണ് വെള്ളിയാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണം. ഇറാന്റെ രണ്ട് പ്രധാന ആണവ കേന്ദ്രങ്ങളാണ് ഈ ആക്രമണത്തിൽ തകർന്നത്. ഇസ്രായേലിന്റെ ഈ ആക്രമണത്തിന് മുൻപും ഇറാൻ വിവിധ ആക്രമണങ്ങൾ നേരിട്ടിരുന്നു. കഴിഞ്ഞ 5 വർഷത്തിനിടെ ഇറാന് നഷ്ടപ്പെട്ടത് 9 സൈനിക കമാൻഡർമാരെയും 7 ആണവ ശാസ്ത്രജ്ഞരെയും ആണ്. ജൂൺ 13 ന് ഇറാനെതിരായ ആക്രമണങ്ങളെ ഇസ്രായേൽ വിശേഷിപ്പിച്ചത് തങ്ങളുടെ നിലനിൽപ്പിന് വർദ്ധിച്ചുവരുന്ന ആണവ ഭീഷണിയെ നേരിടാനുള്ള നടപടിയെന്നാണ്. എന്നാൽ ലോകജനത ഉന്നയിക്കുന്ന പ്രധാന സംശയം ഇറാന്റെ ആണവ കേന്ദ്രങ്ങൾ തകർക്കുന്നതിന് പിന്നിൽ ഇസ്രായേലോ അമേരിക്കയോ എന്നതാണ്.
ഇറാൻ ആണവായുധങ്ങൾ നേടിയാൽ തങ്ങൾക്കത് വലിയ ഭീഷണിയായി മാറുമെന്ന് ഇസ്രായേലും യുഎസും ഒരുപോലെ ആശങ്കപ്പെടുന്നുണ്ട്. ഇറാൻ ആണവ കരാർ പ്രകാരമുള്ള ബാധ്യതകൾ ലംഘിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസിയും അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാൽ ജനറൽ സുലൈമാനിയുടെ മരണത്തിന് പിന്നാലെ ഇറാന്റെ ആണവായുധ വികസനരംഗത്ത് നിരന്തരമായി തിരിച്ചടികൾ നേരിടുകയാണ്.
2020-ലാണ് ഇറാനിലെ ഏറ്റവും സ്വാധീനമുള്ള സൈനിക കമാൻഡർ ഖാസിം സുലൈമാനി മരിച്ചത്. സുലൈമാനിയുടെ മരണശേഷം, ഇറാന്റെ സൈനിക, ആണവ പദ്ധതികൾക്ക് വലിയ രീതിയിൽ ഒന്നും മുന്നേറാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇറാനിൽ കൊല്ലപ്പെട്ട പ്രധാന സൈനിക കമാൻഡർമാരും ആണവ ശാസ്ത്രജ്ഞരും ഇവരാണ്,
1. സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ്, സൈനിക തന്ത്രജ്ഞനും ഇന്റലിജൻസ് വിദഗ്ദ്ധനുമായ മേജർ ജനറൽ മുഹമ്മദ് വാമ്രി.
2. റെവല്യൂഷണറി ഗാർഡിന്റെ കമാൻഡർ-ഇൻ-ചീഫ് ജനറൽ ഹുസൈൻ സലാമി.
3. സായുധ സേനയുടെ ഡെപ്യൂട്ടി കമാൻഡർ-ഇൻ-ചീഫും ഇറാന്റെ ഡ്രോണുകളുടെ സൂത്രധാരനുമായ ജനറൽ ഖോളമാലി ലൈദ്.
4. സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ മുൻ സെക്രട്ടറി അലി സമദാനി.
5. ആണവായുധ ഗവേഷണത്തിലെ ഒരു പ്രധാന വ്യക്തിയായ ശാസ്ത്രജ്ഞൻ ഫെറൈഡൂൺ അബ്ബാസി-ദവാനി.
6. ഭൗതികശാസ്ത്രജ്ഞനും യുറേനിയം സമ്പുഷ്ടീകരണ ഉപദേഷ്ടാവുമായ മുഹമ്മദ് മെഹ്ദി ടെഹ്‌റാങ്കി.
വെള്ളിയാഴ്ച ഇസ്രായേൽ ഇറാനെതിരെ നടത്തിയ വ്യോമാക്രമണത്തിന് പിന്നിൽ അമേരിക്കയുടെ പിന്തുണയും ഉണ്ടെന്ന് ഇറാൻ നേരത്തെ ആരോപിച്ചിരുന്നു. അമേരിക്കയെ മുൻകൂട്ടി അറിയിച്ചിട്ടാണ് ഇറാനിൽ ആക്രമണം നടത്തിയത് എന്ന് ഇസ്രായേൽ പ്രധാനമന്ത്രിയും വ്യക്തമാക്കി. ഇതിന് പിന്നാലെ ഒമാനിൽ ഞായറാഴ്ച നടക്കാനിരുന്ന ഇറാൻ-യുഎസ് ആണവ ചർച്ചകളുടെ അടുത്ത റൗണ്ട് റദ്ദാക്കിയതായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി അറിയിച്ചു. ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണങ്ങളെ ‘മികച്ചത്’ എന്നാണ് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചത്. ഇത്തരമൊരു സാഹചര്യത്തിൽ അമേരിക്കയുമായി ഇനി യാതൊരു ആണവ ചർച്ചകൾക്കും ഇല്ലെന്ന് നിലപാടാണ് ഇറാൻ സ്വീകരിച്ചിരിക്കുന്നത്.
Discussion about this post