ടെഹ്റാൻ : ഇസ്രായേലുമായുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കാൻ തയ്യാറായി ഇറാൻ. സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനായി യുഎസുമായുള്ള ആണവ കരാർ ചർച്ചകൾക്ക് ഇറാൻ വഴങ്ങിയതായാണ് സൂചന. ഏതാനും അറബ് രാജ്യങ്ങളും യൂറോപ്യൻ രാജ്യങ്ങളും നടത്തിയ സന്ധി സംഭാഷണത്തിലാണ് ഇറാൻ ആണവകരാർ ചർച്ചകൾ പുനരാരംഭിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയതെന്ന് മിഡിൽ ഈസ്റ്റേൺ, യൂറോപ്യൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.
ഇറാനുമായുള്ള 2015 ലെ ആണവ കരാറിൽ ഫ്രാൻസ്, ബ്രിട്ടൻ, ജർമ്മനി എന്നീ രാജ്യങ്ങൾ പങ്കാളികളാണ്. കഴിഞ്ഞയാഴ്ച യൂറോപ്യൻ രാജ്യങ്ങൾ മുന്നോട്ടുവച്ച ഒരു പ്രമേയം ഐക്യരാഷ്ട്രസഭയുടെ നിരീക്ഷണ സംഘടനയായ ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയുടെ ബോർഡ് ഓഫ് ഗവർണേഴ്‌സ് അംഗീകരിച്ചിരുന്നു. ഇറാൻ ആണവ നിർവ്യാപന ബാധ്യതകൾ ലംഘിച്ചതായി ഈ പ്രമേയം പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് ഇസ്രായേൽ ഇറാന്റെ ആണവ പദ്ധതികൾ തകർക്കാനുള്ള ‘ഓപ്പറേഷൻ റൈസിംഗ് ലയൺ’ നടത്തിയത്.
ഇസ്രായേൽ ഇറാൻ സംഘർഷം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ ടെഹ്‌റാനിൽ നിന്ന് പൊതുജനങ്ങൾ ഒഴിഞ്ഞു പോകണമെന്ന് നേരത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. പ്രതിസന്ധി പരിഹരിക്കുന്നതിനായി ട്രംപ് കാനഡയിൽ നടക്കുന്ന ഗ്രൂപ്പ് ഓഫ് സെവൻ ഉച്ചകോടിയിൽ നിന്ന് ഒരു ദിവസം നേരത്തെ പോകുമെന്ന് വൈറ്റ് ഹൗസ് പ്രഖ്യാപിച്ചു. അദ്ദേഹം തന്റെ ദേശീയ സുരക്ഷാ കൗൺസിൽ വിളിച്ചുചേർക്കുമെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഈ നീക്കം സമയോചിതമാണെന്നും വെടിനിർത്തലിന് പ്രേരിപ്പിക്കാൻ സഹായിക്കുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അഭിപ്രായപ്പെട്ടു.
Discussion about this post