ടെഹ്റാൻ : ഇസ്രായേലിനെതിരെ ഭീഷണി മുഴക്കി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഒരു ഇടവേളയ്ക്കു ശേഷം ബുധനാഴ്ച അദ്ദേഹം എക്സില്‍ പങ്കുവെച്ച പോസ്റ്റിൽ യുദ്ധം ആരംഭിക്കുന്നു എന്ന് വ്യക്തമാക്കി. ഖമേനി എവിടെയാണ് ഒളിച്ചിരിക്കുന്നത് എന്ന് അമേരിക്കയ്ക്ക് അറിയാമെന്നും ഇറാൻ നിരുപാധികം കീഴടങ്ങണമെന്നുമുള്ള യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഖമേനി പൊതു പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്.
“നാമിയുടെ പേരിൽ, യുദ്ധം ആരംഭിക്കുന്നു. അലി തന്റെ സുൽഫിക്കറുമായി ഖൈബറിലേക്ക് മടങ്ങുന്നു,” എന്നായിരുന്നു ഖമേനി എക്സിൽ പങ്കുവെച്ച പോസ്റ്റ്. ഷിയ ഇസ്ലാമിലെ ആദ്യ ഇമാമിനെയും ഏഴാം നൂറ്റാണ്ടിൽ ജൂത പട്ടണമായ ഖൈബർ കീഴടക്കിയതിനെയും പരാമർശിക്കുന്നതാണ് ഈ പ്രസ്താവന. ഈ പോസ്റ്റിന് ഏതാനും മിനിറ്റുകൾക്ക് ശേഷം “ഭീകര സയണിസ്റ്റ് ഭരണകൂടത്തിന് ശക്തമായ മറുപടി നൽകണം. സയണിസ്റ്റുകളോട് ഞങ്ങൾ ഒരു ദയയും കാണിക്കില്ല.” എന്ന് മറ്റൊരു പോസ്റ്റും അദ്ദേഹം പങ്കുവെച്ചു.
ഡൊണാൾഡ് ട്രംപിന്റെയും അറബ്, യൂറോപ്യൻ മധ്യസ്ഥരുടെയും ആവശ്യങ്ങളും നിർദ്ദേശങ്ങളും പരിഗണിക്കാതെ ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം ആറാം ദിവസവും തുടരുകയാണ്. ഇറാന്റെ വ്യോമാതിർത്തിയുടെ പൂർണ നിയന്ത്രണം അമേരിക്കയ്ക്കാണെന്ന് ചൊവ്വാഴ്ച ട്രംപ് പ്രഖ്യാപിച്ചിരുന്നു. അമേരിക്കയുടെ ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണെന്നും ട്രംപ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
Discussion about this post