ടെൽ അവീവ് : യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ആവശ്യപ്രകാരമുള്ള വെടിനിർത്തൽ കരാർ അംഗീകരിക്കാൻ തയ്യാറാണെന്ന് ഇസ്രായേൽ. ഇറാൻ വെടി നിർത്തൽ കരാർ ധാരണയിൽ എത്താൻ തീരുമാനിച്ചതിന് പിന്നാലെയാണ് ഇസ്രായേലിന്റെ പ്രതികരണം. ഇസ്രായേൽ തങ്ങളുടെ ലക്ഷ്യം നേടിക്കഴിഞ്ഞു എന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.
12 ദിവസത്തെ സൈനിക നടപടിയിലൂടെ ഇറാന്റെ ആണവ, ബാലിസ്റ്റിക് മിസൈൽ പദ്ധതികളുടെ എല്ലാ ഭീഷണികളും ഒഴിവാക്കിയെന്ന് നെതന്യാഹു വ്യക്തമാക്കി. ഇസ്രായേൽ തങ്ങളുടെ യുദ്ധ ലക്ഷ്യം നേടിയതായി ഇസ്രായേലിന്റെ സുരക്ഷാ മന്ത്രിസഭയെ അറിയിച്ചതായും അദ്ദേഹം അറിയിച്ചു. ഇറാന്റെ സൈനിക നേതൃത്വത്തെയും നിരവധി സർക്കാർ കേന്ദ്രങ്ങളെയും ഇതിനകം തന്നെ ഇസ്രായേൽ നശിപ്പിച്ചു കഴിഞ്ഞു. ടെഹ്റാന്റെ ആകാശ നിയന്ത്രണവും ഞങ്ങൾ നേടി എന്നും ഇസ്രായേൽ അറിയിച്ചു.
യുഎസ് പ്രസിഡന്റുമായി സഹകരിച്ച് വെടിനിർത്തൽ കരാർ അംഗീകരിക്കുന്നു. എന്നാൽ വെടിനിർത്തൽ കരാറിന്റെ ഏതൊരു ലംഘനത്തിനും വലിയ രീതിയിലുള്ള തിരിച്ചടി നൽകും എന്നും ഇസ്രായേൽ വ്യക്തമാക്കി. ചൊവ്വാഴ്ച പുലർച്ചെ 4 മണി വരെ ഇറാനിയൻ നഗരങ്ങളിൽ ഇസ്രായേലി വ്യോമാക്രമണങ്ങൾ നടന്നിരുന്നു. ഒടുവിൽ ഏതാനും മണിക്കൂറുകൾക്കുശേഷം ഇസ്രായേലും ഇറാനും വെടിനിർത്തൽ കരാറിന് അംഗീകാരം നൽകുകയായിരുന്നു.
Discussion about this post