ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരിനെ സംബന്ധിച്ച് രാജ്യത്തിന്റെ സുരക്ഷയാണ് പരമപ്രധാനമായ കാര്യം. രാജ്യസുരക്ഷയ്ക്കും തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾക്കുമായി കൂടുതൽ ആയുധങ്ങൾ സംഭരിക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ ഇന്ത്യ. 2,000 കോടി രൂപയുടെ അടിയന്തര സംഭരണ നിധി അനുവദിച്ച് പ്രതിരോധ മന്ത്രാലയം ഉത്തരവിറക്കി.
ജമ്മു കശ്മീരിലെ സായുധ സേനയുടെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ഈ പുതിയ തീരുമാനം. റിമോട്ട്ലി പൈലറ്റഡ് ഏരിയൽ വാഹനങ്ങൾ, വിവിധ തരം ഡ്രോണുകൾ, ബാലിസ്റ്റിക് ഹെൽമെറ്റുകൾ, ഹെവി, മീഡിയം റേഞ്ച് ക്വിക്ക് റിയാക്ഷൻ ഫൈറ്റിംഗ് വെഹിക്കിളുകൾ, റൈഫിളുകൾക്കുള്ള നൈറ്റ് വിഷൻ തുടങ്ങിയ സൈനികോപകരണങ്ങൾ വാങ്ങുന്നതിനാണ് പ്രതിരോധ മന്ത്രാലയം അടിയന്തരസഹായം അനുവദിച്ചിരിക്കുന്നത്.
ഇന്ത്യൻ സൈന്യത്തിനായി ഇന്റഗ്രേറ്റഡ് ഡ്രോൺ ഡിറ്റക്ഷൻ ആൻഡ് ഇന്റർഡിക്ഷൻ സിസ്റ്റം വാങ്ങുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഹ്രസ്വ ദൂര വ്യോമ പ്രതിരോധ സംവിധാനവും പുതുതായി സംഭരിക്കാൻ ഒരുങ്ങുന്ന യുദ്ധോപകരണങ്ങളുടെ കൂട്ടത്തിൽ ഉണ്ട്. കൂടുതൽ ആയുധങ്ങൾ വാങ്ങുന്നതിന്റെ ഭാഗമായി നിലവിൽ 1,980 കോടി രൂപയുടെ 13 കരാറുകൾക്കാണ് പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകിയിട്ടുള്ളത്.
Discussion about this post