വയനാട് : വയനാട് ചൂരൽമലയിൽ അതിശക്തമായ മഴ തുടരുന്നു. മേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടായതായും സംശയമുണ്ട്. റോഡുകളിൽ വലിയ വെള്ളക്കെട്ടാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. പുഴയിൽ വലിയ രീതിയിൽ നീരൊഴുക്ക് വർദ്ധിച്ചതും ആശങ്ക സൃഷ്ടിക്കുന്നു.
ചൂരൽമലയിൽ ഇന്നലെ രാത്രി മുതൽ കനത്ത മഴയാണ് പെയ്തു കൊണ്ടിരിക്കുന്നത്. പ്രദേശവാസികൾ ആശങ്കയിലാണ്. സർക്കാരിന്റെ ഭാഗത്തുനിന്നും ആരും ഇതുവരെ മേഖലയിൽ എത്തിയിട്ടില്ലെന്നാണ് പ്രദേശവാസികൾ പരാതിപ്പെടുന്നത്. പുതിയ വില്ലേജ് റോഡിൽ ഉൾപ്പെടെ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് എംഎൽഎ ഉൾപ്പെടെയുള്ളവർ വ്യക്തമാക്കുന്നത്.
റവന്യൂ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ഉരുൾപൊട്ടൽ ഉണ്ടായതായി സ്ഥിരീകരണം ഇല്ലെന്നാണ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്. നേരത്തെ ഉരുൾപൊട്ടിയ ഭാഗത്ത് നിന്നുമുള്ള മണ്ണും ചെളിയും ശക്തമായ മഴയിൽ ഒഴുകിവന്നതാകാം ഉരുൾപൊട്ടൽ എന്ന സംശയത്തിന് കാരണമായതെന്നാണ് സൂചന. പുഴയിൽ നിന്ന് വലിയ കല്ലുകളും പാറകളും നീക്കുന്ന പ്രവൃത്തികൾ നടക്കുന്നതായി കളക്ടർ അറിയിച്ചു.
Discussion about this post