ഇന്ത്യയിലെ ആദ്യത്തെ ഓഫ് ഗ്രിഡ് ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ് ആദാനി ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡ് കമ്മീഷൻ ചെയ്തിരിക്കുകയാണ്. ഗുജറാത്തിലെ കച്ചിലാണ് ഈ സുപ്രധാനപദ്ധതി യാഥാർത്ഥ്യമായിരിക്കുന്നത്. അഞ്ച് മെഗാവാട്ടാണ് ഇതിന്റെ ശേഷി. ശുദ്ധ ഊർജത്തിലേക്കുളള (ക്ലീൻ എനർജി) രാജ്യത്തിന്റെ സുപ്രധാന ചുവടുവയ്പ്പായാണ് ഇതിനെ കണക്കാക്കുന്നത്. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്നു എന്നതിനൊപ്പം ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റവുമായി സംയോജിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ബാറ്ററി എനെർജി സ്റ്റോറേജ് സിസ്റ്റവുമായി (BESS) സംയോജിപ്പിച്ചിരിക്കുന്നതിനാൽ പ്ലാന്റിന് പൂർണ്ണ ഓഫ്-ഗ്രിഡ് പ്രാപ്തിയുണ്ട്. ഡീസെൻഡ്രലൈസ്ഡ്-റിന്യൂവബിൾ ഹൈഡ്രജൻ ഉൽപാദനത്തിൽ ഇത് പുതിയ മാതൃകയാണ്. പൂർണ്ണമായും ഓട്ടോമേറ്റഡ്, ക്ലോസ്ഡ്-ലൂപ്പ് ഇലട്രൊലൈസർ സിസ്റ്റം ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യ ഓഫ്-ഗ്രിഡ് 5 മെഗാവാട്ട് ഗ്രീൻ ഹൈഡ്രജൻ സൗകര്യമാണ് ഇത്. കാര്യക്ഷമത, സുരക്ഷ, പെർഫോർമൻസ് എന്നിവ ഉറപ്പാക്കുന്ന പ്ലാന്റ് ക്ലീൻ എനർജി രംഗത്തെ ഇന്ത്യയുടെ ലക്ഷ്യങ്ങളുമായി ചേർന്നു പോകുന്നതാണ്- കമ്പനി പ്രതിനിധി വ്യക്തമാക്കി.
ഹരിതോർജം ഉപയോഗിക്കുന്നതിലൂടെ ശുദ്ധമായ ഊർജ്ജം എന്ന രാജ്യത്തിന്റെ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ പദ്ധതി. മലിനീകരണം സൃഷ്ടിക്കാത്ത ഗ്രീൻ ഹൈഡ്രജൻ ഉൽപാദനത്തിൽ ആഗോള കേന്ദ്രമായി മാറാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതാണ് അദാനി ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഈ പൈലറ്റ് പ്ലാന്റ്.
ഇപ്പോൾ അഞ്ച് മെഗാവാട്ട് മാത്രമാണ് പ്ലാന്റിന്റെ ശേഷിയെങ്കിലും അധികം വൈകാതെ തന്നെ ഇതിന്റെ ശേഷി കൂട്ടാനുള്ള നീക്കങ്ങൾ ഉണ്ടാവും. രാജ്യത്തിന്റെ ആവശ്യം നിറവേറ്റുന്നതിനൊപ്പം 2030 ഓടെ ഗ്രീൻ ഹൈഡ്രജന്റെ പ്രധാന കയറ്റുമതിക്കാരായി അദാനിഗ്രൂപ്പ് മാറും.
Discussion about this post