ന്യൂഡൽഹി : അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം AI-171 തകർന്നുവീണ അപകടത്തിൽ ബ്ലാക്ക് ബോക്സ് ഡാറ്റ വിജയകരമായി വീണ്ടെടുത്തു. ജൂൺ 24 ന് വൈകുന്നേരം, AAIB ഡിജിയുടെ നേതൃത്വത്തിലുള്ള സംഘം, AAIB, NTSB എന്നിവയിലെ സാങ്കേതിക അംഗങ്ങളുമായി ചേർന്ന് ഡാറ്റ വേർതിരിച്ചെടുക്കൽ പ്രക്രിയ ആരംഭിച്ചതായി കേന്ദ്രസർക്കാർ വ്യക്തമാക്കി. വിശകലന പരിശോധനകൾ തുടർന്നുവരികയാണെന്നും സർക്കാർ അറിയിച്ചു.
ഡൽഹിയിലെ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ലബോറട്ടറിയിൽ ആണ് അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ഡാറ്റ വിശകലനം ചെയ്യുന്നത്.
മുൻവശത്തെ ബ്ലാക്ക് ബോക്സിൽ നിന്ന് ക്രാഷ് പ്രൊട്ടക്ഷൻ മൊഡ്യൂൾ സുരക്ഷിതമായി വീണ്ടെടുക്കുകയും ജൂൺ 25 ന് മെമ്മറി മൊഡ്യൂളിലേക്ക് വിജയകരമായി പ്രവേശിക്കുകയും ചെയ്തു എന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കുന്നു.
അന്താരാഷ്ട്ര പ്രോട്ടോക്കോളുകൾക്കനുസൃതമായി ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള ഒരു മൾട്ടി ഡിസിപ്ലിനറി അന്വേഷണ സംഘമാണ് അപകടത്തിന്റെ വിശദാംശങ്ങൾ അന്വേഷിക്കുന്നത്. സംഘത്തിൽ ഒരു വ്യോമയാന വൈദ്യശാസ്ത്ര വിദഗ്ദ്ധൻ, ഒരു എയർ ട്രാഫിക് കൺട്രോൾ ഓഫീസർ, വിമാനത്തിന്റെ നിർമ്മാണത്തിന്റെ നിയുക്ത ഏജൻസിയായ യുഎസ് ആസ്ഥാനമായുള്ള നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡിന്റെ (NTSB) പ്രതിനിധികൾ എന്നിവർ ഉൾപ്പെടുന്നു. തകർന്ന വിമാനത്തിന്റെ കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ , ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ എന്നിവ അപകടസ്ഥലത്ത് നിന്നു തന്നെ ലഭിച്ചിരുന്നു. തുടർന്ന് സമ്പൂർണ്ണ സുരക്ഷയോടെ അഹമ്മദാബാദിൽ നിന്നും ഡൽഹിയിലേക്ക് എത്തിച്ച ബ്ലാക്ക് ബോക്സുകൾ വിദഗ്ധസംഘം പരിശോധിച്ചുവരികയാണ്.
Discussion about this post