ചരിത്രനിമിഷം കുറിച്ച് ശുഭാംശു ശുക്ല. 140 കോടി ഇന്ത്യക്കാരുടെയും അഭിമാനമുയർത്തി ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യക്കാരൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്നത്. വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല അടക്കമുള്ള നാല് ആക്‌സിയം 4 ദൗത്യ സംഘാംഗങ്ങൾ ‘ഗ്രേസ്’ ക്രൂ ഡ്രാഗൺ പേടകത്തിൽ നിന്ന് എല്ലാ പരിശോധനകളും നടപടിക്രമങ്ങളും വിജയകരമായി പൂർത്തിയാക്കി നിലയത്തിൽ എത്തുകയായിരുന്നു. പെഗ്ഗി വിറ്റ്‌സൻ (യുഎസ്), സ്ലാവോസ് വിസ്‌നീവ്‌സ്‌കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരാണു സഹയാത്രികർ.
ഇന്ന് വൈകിട്ട് നാല് മണിക്ക് ശേഷമായിരുന്നു ഗ്രേസ് പേടകം ഐഎസ്എസിലെ ഹാർമണി മൊഡ്യൂളിൽ ഡോക്ക് ചെയ്തത്. 28.5 മണിക്കൂർ സഞ്ചരിച്ചാണു പേടകം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ എത്തുന്നത്. 14 ദിവസമാണ് സംഘം നിലയത്തിൽ കഴിഞ്ഞ് പരീക്ഷണങ്ങൾ നടത്തുക. മനുഷ്യന്റെ ആരോഗ്യം, ഭൗമനിരീക്ഷണം, ഭൗതികശാസ്ത്രം തുടങ്ങിയ മേഖലകളിലായി ഏകദേശം 60 ശാസ്ത്രീയ ഗവേഷണങ്ങൾ അവർ നടത്തും. ഈ ഗവേഷണങ്ങളിൽ 31 രാജ്യങ്ങൾ സഹകരിക്കും. ആകെ നടത്തുന്ന 60 പരീക്ഷണങ്ങളിൽ ഏഴെണ്ണം നടത്തുക ശുഭാംശു ശുക്ലയാണ്.
നാസയുടെ ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെൻററിലെ ലോഞ്ച് കോംപ്ലക്‌സ് 39എയിൽ നിന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12നായിരുന്നു വിക്ഷേപണം. സ്‌പേസ്എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണ് വിക്ഷേപിച്ചത്. നാസയുടെ മുൻ ബഹിരാകാശ സഞ്ചാരിയും ആക്‌സിയം സ്‌പേസിന്റെ ഹ്യൂമൻ സ്‌പേസ്ഫ്‌ളൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്‌സണാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്. ഇന്ത്യൻ സഞ്ചാരി ശുഭാംശു ശുക്ലയാണ് പൈലറ്റ്. ഗ്രൂപ്പ് ക്യാപ്റ്റനും ഇദ്ദേഹമാണ്. ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ കമാൻഡറാണ് അദ്ദേഹം. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കു (ഐഎസ്എസ്) പോകുന്ന ആദ്യ ഇന്ത്യക്കാരനും അദ്ദേഹമാണ്.
Discussion about this post