ഏതാനും ചില രാജ്യങ്ങളിൽ മാത്രം വേരോട്ടമുള്ള ക്രിക്കറ്റ് എന്ന കായികയിനം അതിന്റെ പരമ്പരാഗത അതിർവരമ്പുകൾ കടന്ന് കൂടുതൽ രാജ്യങ്ങളിലേക്ക് വേരോട്ടം നടത്തി തുടങ്ങിയ ഒരു കാലഘട്ടത്തിലാണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത് എന്ന് പറയാം. ഇഷ്ട ടീം ജയിക്കുമ്പോഴും , തോൽക്കുമ്പോഴും എല്ലാം ഒരേപോലെ അവരുടെ സന്തോഷങ്ങളിലും ദു:ഖങ്ങളിലും ഭാഗമായ ആരാധക കൂട്ടത്തിന് എന്നെന്നും ഓർത്തിരിക്കാൻ തക്ക നിമിഷങ്ങളും ഫ്രെയിമുകളും ക്രിക്കറ്റ് അവർക്ക് തിരികെ നൽകിയിട്ടുണ്ട്.
2023 ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയൻ പോരാട്ടവീര്യത്തിന് മുന്നിൽ അടിയറവുപറഞ്ഞ് രോഹിതും സംഘവും അടിയറവ് പറഞ്ഞപ്പോൾ അഹമ്മദാബാദിലെ ഗ്രൗണ്ട് മാത്രമല്ല ഇന്ത്യ മുഴുവൻ കണ്ണീരണിയുക ആയിരുന്നു. അതെ രോഹിത്തിന്റെ നേതൃത്വത്തിൽ തന്നെ ഒരു വർഷത്തിന്റെ പോലും വ്യത്യാസമില്ലാതെ ഇന്ത്യ 2024 ടി 20 ലോകകപ്പും 2025 ലെ ചാമ്പ്യൻസ് ട്രോഫിയും സ്വന്തമാക്കുന്നു. അതായത് ഏറ്റവും ആഗ്രഹിച്ചതും പ്രതീക്ഷിച്ചതും കിട്ടാതെ നിരാശപ്പെട്ട് ഇരിക്കുന്ന ഇന്ത്യൻ ആരാധകർക്ക് മൂല്യമുള്ള രണ്ട് സമ്മാനങ്ങളാണ് കിട്ടിയത്.
അങ്ങനെ എല്ലാ അർത്ഥത്തിലും അനിശ്ചിത്വത്തിന്റെ കളിയായ ക്രിക്കറ്റിൽ പെട്ടെന്നൊരാൾ കേട്ടാൽ വിശ്വസിക്കാത്ത, കള്ളത്തരമാണ് പറയുന്നത് എന്ന് തോന്നിപ്പോകുന്ന അനേകം നിമിഷങ്ങളും ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ ആളുകൾക്ക് വാസ്തവമല്ലെന്ന് തോന്നുമെങ്കിലും, യഥാർത്ഥത്തിൽ കാതലായ കുറച്ച് ക്രിക്കറ്റ് സംഭവങ്ങൾ നമുക്ക് നോക്കാം:
* ദ്രാവിഡും ഹാട്രിക്ക് സിക്‌സും
മാന്യന്മാരുടെ കളിയായ ക്രിക്കറ്റ് കളിച്ചിട്ടുള്ള താരങ്ങളിൽ ഏറ്റവും ബഹുമാനിക്കപ്പെടുന്ന ഗെയിമിലെ ഏറ്റവും വലിയ ഇതിഹാസങ്ങളിൽ ഒരാളുമായ രാഹുൽ ദ്രാവിഡ് എന്നും തന്റെ ശാന്തതയും സമചിത്തത നിറഞ്ഞ പെരുമാറ്റവും ക്‌ളാസിക്ക് ബാറ്റിങ്ങും കാരണമാണ് എന്നെന്നും ഓർമ്മിക്കപ്പെടുക. ക്ലാസിക് ക്രിക്കറ്റ് ഷോട്ടുകൾ കൊണ്ട് കളി ആരാധകരുടെ മനം നിറച്ച ദ്രാവിഡ്, 2012 ൽ വിരമിക്കുന്നതുവരെ ഇന്ത്യൻ ടീമിന്റെ നട്ടെല്ല് തന്നെ ആയിരുന്നു.
എതിർ ബോളർമാരുടെ ക്ഷമ പരീക്ഷിക്കുക, അവർ തളർന്ന് കഴിഞ്ഞാൽ ആധിപത്യം സ്ഥാപിക്കുക തുടങ്ങിയ രീതികളാണ് ദ്രാവിഡ് സാധാരണയായി നടപ്പിലാക്കിയിരുന്നത്. എണ്ണമറ്റ മണിക്കൂറുകൾ അക്ഷീണം ബാറ്റ് ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് പലപ്പോഴും ഇന്ത്യയെ പ്രതിസന്ധി ഘട്ടങ്ങളിൽ രക്ഷിച്ചിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ നട്ടെല്ല് ആയി തുടർന്നെങ്കിലും ആ മികവ് ടി 20 ഫോർമാറ്റിൽ ആവർത്തിക്കാനുള്ള മികവ് ദ്രാവിഡിന് ഇല്ലെന്നാണ് പലരും കരുതിയത്. അതിനാൽ തന്നെ ടി 20 യിൽ ദ്രാവിഡ് ഹാട്രിക്ക് സിക്സ് അടിച്ചിട്ട് എന്ന് പറഞ്ഞാൽ പലരും വിശ്വസിക്കില്ല.
2011-ൽ ഇന്ത്യയ്ക്കു വേണ്ടി കളിച്ച തന്റെ ഏക ടി20 മത്സരത്തിൽ, മാഞ്ചസ്റ്ററിൽ ഇംഗ്ലണ്ടിനെതിരായ പോരിൽ 11-ാം ഓവറിൽ മോശം സമിത് പട്ടേലിനെ തുടർച്ചയായി മൂന്ന് സിക്സറുകൾ പറത്തി, തന്റെ കുറഞ്ഞ സ്കോറിംഗ് നിരക്കിനെ പലപ്പോഴും വിമർശിച്ചിരുന്നവരെ ഞെട്ടിക്കാൻ ദ്രാവിഡിനായി. ഇംഗ്ലണ്ട് ആറ് വിക്കറ്റിന് മത്സരം ജയിച്ചപ്പോൾ, ആ മത്സരം ഓർമിപ്പിക്കപ്പെടുക ദ്രാവിഡിന്റെ വമ്പനടികളുടെ പേരിലാണ്.
അഗാർക്കറും ലോർഡ്സിലെ സെഞ്ചുറിയും
ക്രിക്കറ്റിന്റെ മെക്ക എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന ലോർഡ്‌സ് ശരിക്കുമൊരു പുണ്യഭൂമിയാണ്. അവിടെ തങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം പിറക്കണം എന്ന് ആഗ്രഹിക്കാത്ത ക്രിക്കറ്റ് താരങ്ങൾ കുറവാണ്. ക്രിക്കറ്റ് ചരിത്രത്തിലെ എല്ലാ റെക്കോർഡുകളും സ്വന്തം പേരിലാക്കിയ ബാറ്റിംഗ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന് ക്രിക്കറ്റിന്റെ പറുദീസയായ മണ്ണിൽ ഒരു ടെസ്റ്റ് സെഞ്ച്വറി പോലും നേടാൻ കഴിഞ്ഞില്ല എന്ന് ശ്രദ്ധിക്കണം. എന്നാൽ നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും, അജിത് അഗാർക്കർക്ക് ആ നേട്ടം കൊയ്യാൻ സാധിച്ചു.
ഇന്ത്യൻ ക്രിക്കറ്റിലെ നെക്സ്റ്റ് ബിഗ് തിങ് എന്ന് ആ കാലത്ത് കണക്കാക്കപ്പെട്ടിരുന്ന അഗാർക്കർ, 2005-06 സീസണിൽ ഏറ്റവും വേഗത്തിൽ 50 ഏകദിന വിക്കറ്റുകൾ നേടിയ കളിക്കാരനായി മാറിയിരുന്നു. പല അവസരങ്ങളിലും അദ്ദേഹത്തിന്റെ ബൗളിംഗ് ഇന്ത്യയെ സഹായിച്ചെങ്കിലും, അഗാർക്കറുടെ ബാറ്റിംഗ് പ്രകടനങ്ങൾ അത്രയൊന്നും മികവിൽ ആയിരുന്നു അതുകൊണ്ടാണ് ലോർഡ്‌സിൽ അദ്ദേഹം സെഞ്ച്വറി നേടിയെന്നത് പലർക്കും അതിശയമായി തോന്നുന്ന കാര്യമാണ്.
2002 ജൂലൈയിൽ, ലോർഡ്‌സ് ടെസ്റ്റിൽ ഇംഗ്ലണ്ട് ഇന്ത്യയ്ക്ക് 568 റൺസ് എന്ന ലക്ഷ്യം വെച്ചു. 170/6 എന്ന നിലയിൽ ടീം ആടിയുലഞ്ഞപ്പോൾ, വിവിഎസ് ലക്ഷ്മണുമായി (74) 126 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയ അഗാർക്കറിൽ ഇന്ത്യ ഒരു അപ്രതീക്ഷിത രക്ഷകനെ കണ്ടെത്തി. വിവിഎസ് ലക്ഷ്മൺ 74 റൺ എടുത്ത് മടങ്ങിയിട്ടും അഗാർക്കർ ഒരറ്റത്ത് നിലയുറപ്പിച്ചു. ഇന്ത്യയുടെ സ്‌കോറിലേക്ക് അദ്ദേഹം 101 റൺസ് കൂടി ചേർത്തു,. ഇന്ത്യ 170 റൺസിന് ടെസ്റ്റിൽ പരാജയപ്പെട്ടപ്പോൾ, അഗാർക്കർ 190 പന്തിൽ 109 റൺസുമായി പുറത്താകാതെ നിന്നു.
ഗിൽക്രിസ്റ്റും സ്ക്വാഷ് ബോളും
2007-ൽ, തുടർച്ചയായ മൂന്നാം ലോകകപ്പ് കിരീടം നേടുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഓസ്ട്രേലിയ, ശ്രീലങ്കയുമായി ഇടതുമുട്ടാൻ ഇറങ്ങിയത്. എന്നാൽ, ഫൈനലിൽ ആഡം ഗിൽക്രിസ്റ്റ് എന്താണ് പ്ലാൻ ചെയ്തതെന്ന് ഓസ്‌ട്രേലിയൻ ടീമിലെ അട്വഹത്തിന്റെ സഹതാരങ്ങൾക്ക് പോലും അറിയില്ലായിരുന്നു. ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ ഓസ്ട്രേലിയ, 281 റൺസ് ആണ് നേടിയത്.
ശ്രീലങ്കൻ ബോളർമാരെ തകർത്തടിച്ചു ഗിൽക്രിസ്റ്റ് 13 ഫോറുകളും എട്ട് സിക്സറുകളും ഉൾപ്പെടെ 149 റൺസ് നേടി. എന്തായാലും മഴ കളിച്ച കളിയിൽ ഡക്ക് വെർത്ത് ലൂയിസ് നിയമപ്രകാരം 53 റൺസിന്റെ ജയം സ്വന്തമാക്കി. തന്റെ മികവിന് ഗിൽക്രിസ്റ്റ് ‘മാൻ ഓഫ് ദ മാച്ച്’ ആയി തിരഞ്ഞെടുക്കപ്പെട്ടു. തന്റെ മികവിനെക്കുറിച്ച് സംസാരിക്കപ്പോൾ തന്റെ ബാറ്റിംഗ് പരിശീലകന്റെ ഉപദേശപ്രകാരം, ബോട്ടം ഹാൻഡ് മൂവ്മെന്റ് വേഗത്തിൽ കിട്ടാൻ ഇടത് ഗ്ലൗവിനുള്ളിൽ താൻ ഒരു സ്ക്വാഷ് ബോൾ വെച്ചാണ് കളിച്ചതെന്ന് ഗിൽക്രിസ്റ്റ് വെളിപ്പെടുത്തി.
എന്തായാലും ഗിൽക്രിസ്റ്റിന്റെ ഈ സ്ക്വാഷ് ബോൾ തന്ത്രം പിന്നീട് പല താരങ്ങളും പരീക്ഷിക്കാൻ നോക്കിയെങ്കിലും അവർ ആരും അതിൽ വിജയിച്ചില്ല.
പ്രതിഷേധമായി റൺ വഴങ്ങുക
അനാവശ്യ റൺസ് വഴങ്ങുന്നത് ഒരു ബൗളർക്ക് എപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്, എന്നാൽ വെറും നാല് പന്തിൽ 92 റൺസ് വഴങ്ങുക എന്നാൽ എങ്ങനെ വിശ്വസിക്കാൻ സാധിക്കും. വിശ്വസിച്ചാലും ഇല്ലെങ്കിലും, മോശം അമ്പയറിങ്ങിൽ പ്രതിഷേധിച്ച് ഒരു ബംഗ്ലാദേശ് ക്രിക്കറ്റ് ടീം നാല് പന്ത് മാത്രം എറിഞ്ഞ് വമ്പൻ തോൽവിയെറ്റ് വാങ്ങി.
ബംഗ്ലാദേശിലെ ആഭ്യന്തര മത്സരത്തിലാണ് സംഭവം നടന്നത്. ആദ്യം ബാറ്റ് ചെയ്ത ലാൽമാഷ്യ ക്ലബ് 14 ഓവറിൽ 88 റൺസിന് പുറത്താകുന്നു. മറുപടിയിൽ എതിരാളികൾ 4 പന്തിൽ ലക്‌ഷ്യം കാണുന്നു. എങ്ങനെ സംഭവിച്ചു എന്ന് ചോദിച്ചാൽ, ലാൽമാഷ്യ താരം സുജോൺ മഹ്മൂദ് 20 പന്തുകൾ എറിഞ്ഞെങ്കിലും നാല് എണ്ണം മാത്രം ആയിരുന്നു ലീഗൽ. മൂന്ന് പന്തുകൾ നോ-ബോളുകളും 13 എണ്ണം വൈഡുകളുമായിരുന്നു – ഇവയെല്ലാം ബൗണ്ടറിയിലേക്ക് പാഞ്ഞു, ഇത് എതിരാളിക്ക് 80 റൺ സമ്മാനിച്ചു.
നാല് ലീഗൽ ഡെലിവറിയിൽ ആകട്ടെ 12 റൺസും കിട്ടി, ഇതോടെ എതിരാളികൾ 10 വിക്കറ്റിന്റെ ജയം സ്വന്തമാക്കി. ധാക്ക സെക്കൻഡ് ഡിവിഷൻ ലീഗിലെ മോശം അമ്പയറിങ്ങിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് തങ്ങൾ ഇങ്ങനെ ചെയ്തത് എന്നും ടോസിൽ ഉൾപ്പടെ കള്ളത്തരം നടന്നു എന്നുമാണ് അദ്ദേഹം ആരോപിച്ചത്.
Discussion about this post