മലപ്പുറത്ത് ചികിത്സ കിട്ടാതെ മഞ്ഞപ്പിത്തം ബാധിച്ച ഒരു വയസുകാരന് ദാരുണാന്ത്യം. മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങിലാണ് സംഭവം. അക്യുപങ്ചറിസ്റ്റായ ഹിറ ഹറീറ – നവാസ് ദമ്പതികളുടെ മകൻ എസൻ എർഹാനാണ് മരിച്ചത്. മാതാപിതാക്കൾ ചികിത്സ നൽകാതിരുന്നതാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
കഴിഞ്ഞ വർഷം ഏപ്രിൽ 14ന് വീട്ടിലാണ് കുഞ്ഞിന് ജന്മം നൽകിയത്. ഇതുവരെ ഒരു പ്രതിരോധ കുത്തിവെപ്പുകളും എടുത്തിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ അക്യുപങ്ചർ ചികിത്സ ഇവർ പ്രോത്സാഹിപ്പിച്ചിരുന്നു. ശാസ്ത്രീയമായ ചികിത്സ രീതിയെ തുറന്നെതിർക്കുന്ന നിലപാടുകൾ സമൂഹമാദ്ധ്യമങ്ങളിൽ ഇവർ പങ്കുവെച്ചിരുന്നുവെന്നും ആരോപണമുണ്ട്
അതേസമയം സംസ്ഥാനത്ത് ആറുമാസത്തിനിടെ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത് 38 പേർ. മഞ്ഞപ്പിത്തം സംശയിക്കുന്ന ഏഴുപേരും മരിച്ചു. 5474 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സംശയിക്കുന്ന 10,201 പേരും ചികിത്സതേടി. മഞ്ഞപ്പിത്തത്തിനൊപ്പം മറ്റുരോഗങ്ങൾകൂടി പിടിപെടുന്നതാണ് പ്രശ്‌നം തീവ്രമാകാൻ കാരണം.












