ന്യൂഡൽഹി : അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ട് 275 ഓളം പേർ മരിച്ചതിന് ദിവസങ്ങൾക്കുള്ളിൽ എയർ ഇന്ത്യയുടെ ഒരു ഓഫീസിൽ നടന്ന പാർട്ടി സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വീഡിയോ വൈറൽ ആയതോടെ സംഭവത്തിൽ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുകയാണ് എയർ ഇന്ത്യ. ഓഫീസിൽ പാർട്ടി സംഘടിപ്പിച്ചതിന് നാല് മുതിർന്ന എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥരെ എയർ ഇന്ത്യ പിരിച്ചുവിട്ടു.
എയർപോർട്ട് സർവീസസ് മാനേജ്‌മെന്റ് സ്ഥാപനമായ എയർ ഇന്ത്യ SATS സർവീസസ് (AISATS) സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു. എയർ ഇന്ത്യയുടെയും സിംഗപ്പൂരിലെ SATS ലിമിറ്റഡിന്റെയും സംയുക്ത സംരംഭമായ AISATS ലെ ജീവനക്കാർ ആണ് ഓഫീസിൽ പാർട്ടി സംഘടിപ്പിച്ചിരുന്നത്. പാർട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനത്തിനാണ് കാരണമായത്.
ഗുരുഗ്രാമിലെ AISATS ഓഫീസിലാണ് പാർട്ടി നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കമ്പനിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എബ്രഹാം സക്കറിയ സ്റ്റാഫ് അംഗങ്ങൾക്കൊപ്പം നൃത്തം ചെയ്ത് ആഘോഷിക്കുന്ന വീഡിയോ ആണ് രൂക്ഷ വിമർശനത്തിന് കാരണമായത് .
സഹാനുഭൂതി, പ്രൊഫഷണലിസം, ഉത്തരവാദിത്തം എന്നിവയോടുള്ള എയർ ഇന്ത്യയുടെ പ്രതിബദ്ധത ഉറപ്പിച്ചു വ്യക്തമാക്കി കൊണ്ടാണ് ജീവനക്കാർക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കുന്നതെന്ന് എയർ ഇന്ത്യ അറിയിച്ചു.
Discussion about this post