ഇന്ത്യ-യുഎസ് വ്യാപാര കരാർ യാഥാർത്ഥ്യമാകാത്തതിന് പിന്നിൽ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഈഗോയെന്ന് വിവരം. . യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക് ആണ് ഒരു പോഡ്‌കാസ്റ്റ് അഭിമുഖത്തിലാണ് ഈ സുപ്രധാന വെളിപ്പെടുത്തൽ നടത്തിയത്. നയപരമായ തർക്കങ്ങളേക്കാൾ ഉപരിയായി, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ നേരിട്ട് വിളിച്ച് കരാർ ഉറപ്പിക്കാൻ മോദി തയ്യാറാകാത്തതാണ് ചർച്ചകൾ വഴിമുട്ടാൻ കാരണമെന്ന് ലുട്‌നിക് വ്യക്തമാക്കി.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ ഏതാണ്ട് പൂർണ്ണരൂപത്തിൽ എത്തിയിരുന്നതായും എന്നാൽ അത് ഒപ്പിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിളിക്കണമെന്ന് ട്രംപ് ആഗ്രഹിച്ചിരുന്നതായും ലുട്‌നിക് പറയുന്നു. എന്നാൽ സ്വന്തം രാജ്യത്തിന്റെ അന്തസ്സും സ്വയംഭരണാധികാരവും ഉയർത്തിപ്പിടിച്ച മോദി, ഒരു വിദേശ രാജ്യത്തലവന് മുന്നിൽ കീഴ്പ്പെടാൻ തയ്യാറായില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
“എല്ലാം തയ്യാറായിരുന്നു, പക്ഷേ മോദി ട്രംപിനെ വിളിക്കണമായിരുന്നു. ഇന്ത്യൻ സർക്കാർ അതിൽ അസ്വസ്ഥരായിരുന്നു, മോദി വിളിച്ചതുമില്ല,” ലുട്‌നിക് പറഞ്ഞു.ഇന്തോനേഷ്യ, ഫിലിപ്പീൻസ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾ അമേരിക്കയുമായി കരാറിലെത്തിയപ്പോൾ ഇന്ത്യ അതിന് വഴങ്ങിയില്ല.നേരത്തെ അംഗീകരിച്ചിരുന്ന വ്യവസ്ഥകളിൽ നിന്ന് അമേരിക്ക ഇപ്പോൾ പിന്മാറിയെന്നും കരാറിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്നും യുഎസ് വാണിജ്യ സെക്രട്ടറി വ്യക്തമാക്കി.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെതിരെ ട്രംപ് ഭരണകൂടം ഇന്ത്യയ്ക്ക് മേൽ 50 ശതമാനം വരെ ഉയർന്ന തീരുവയാണ് ചുമത്തിയിരിക്കുന്നത്. എന്നാൽ, പാശ്ചാത്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ ദേശീയ താൽപ്പര്യങ്ങൾക്കാണ് ഇന്ത്യ മുൻഗണന നൽകുന്നതെന്ന് കേന്ദ്ര സർക്കാർ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യൻ വിപണി പൂർണ്ണമായി തുറന്നുകൊടുക്കണമെന്ന ട്രംപിന്റെ പിടിവാശിയാണ് കരാർ വൈകാൻ മറ്റൊരു പ്രധാന കാരണം.
“അമേരിക്കൻ ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങൾ വിൽക്കണമെന്നുണ്ടെങ്കിൽ അമേരിക്കൻ പ്രസിഡന്റിനൊപ്പം നിൽക്കണം,” എന്ന ലുട്‌നിക്കിന്റെ ഭീഷണി കലർന്ന സ്വരത്തോടും ഇന്ത്യ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിച്ചത്.













Discussion about this post