ഐപിഎൽ ആരാധകർക്ക്, പ്രത്യേകിച്ച് ബംഗളുരു നിവാസികൾക്ക് നിരാശ നൽകുന്ന വാർത്തകളാണ് പുറത്തുവരുന്നത്. സുരക്ഷാ കാരണങ്ങളാൽ വരാനിരിക്കുന്ന ഐപിഎൽ സീസണിൽ ആർസിബി തങ്ങളുടെ ഹോം മത്സരങ്ങൾ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിന്ന് മാറ്റാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഐപിഎൽ കിരീടം നേടിയതിന് പിന്നാലെ ബംഗളുരുവിൽ നടന്ന ആഘോഷങ്ങൾക്കിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 ആരാധകർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. :ആഘോഷങ്ങൾ ദുരന്തമായി മാറിയതും അതിനെത്തുടർന്ന് ടീമിന് നേരിടേണ്ടി വന്ന കടുത്ത വിമർശനങ്ങളുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് മാനേജ്‌മെന്റിനെ നയിച്ചത്. വരാനിരിക്കുന്ന സീസണിൽ ബംഗളുരുവിൽ മത്സരങ്ങൾ നടത്താൻ ടീം അധികൃതർക്ക് താല്പര്യമില്ല.
ഐപിഎൽ തുടങ്ങാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, തങ്ങളുടെ ഹോം മത്സരങ്ങൾ നടത്താൻ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനെ ആർസിബി അധികൃതർ ഇതുവരെ സമീപിച്ചിട്ടില്ല. ഛത്തീസ്ഗഡിലെ റായ്പൂരിലുള്ള ഷഹീദ് വീർ നാരായൺ സിംഗ് അന്താരാഷ്ട്ര സ്റ്റേഡിയം ആർസിബിയുടെ പുതിയ ഹോം ഗ്രൗണ്ട് ആകാനുള്ള മത്സരത്തിൽ ഏറ്റവും മുന്നിലുണ്ട്. വലിയ സ്റ്റേഡിയവും ആധുനിക സൗകര്യങ്ങളുമാണ് റായ്പൂരിന് മുൻതൂക്കം നൽകുന്നത്. മധ്യപ്രദേശിലെ ഇൻഡോറിലുള്ള ഹോൾക്കർ സ്റ്റേഡിയമാണ് ടീം പരിഗണിക്കുന്ന മറ്റൊരു പ്രധാന വേദി.
എന്തായാലും മുൻ താരം വെങ്കടേഷ് പ്രസാദ് നയിക്കുന്ന കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ ഇപ്പോൾ കടുത്ത സമ്മർദ്ദത്തിലാണ്. ആർസിബിയെ നിലനിർത്താൻ അവർ ശ്രമിക്കുന്നുണ്ടെങ്കിലും ടീം അധികൃതരിൽ നിന്ന് അനുകൂലമായ പ്രതികരണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.













Discussion about this post