കെ.ജി.എഫ് താരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് തുടക്കമായിരിക്കുന്നത്. ടീസറിലെ ചില ദൃശ്യങ്ങൾ സ്ത്രീവിരുദ്ധമാണെന്നും നായകന്റെ പൗരുഷം ആഘോഷിക്കാൻ സ്ത്രീശരീരത്തെ ഉപയോഗിച്ചുവെന്നുമുള്ള വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ഗീതുവിന് ഐക്യദാർഢ്യവുമായി പ്രമുഖ നടിമാർ രംഗത്തെത്തിയത്.
“ആനന്ദം, സദാചാര പ്രതിസന്ധി, പിന്നെ സ്ത്രീകളും…” എന്ന തലക്കെട്ടോടെ ഒരു സിനിമാ പേജിൽ വന്ന കുറിപ്പാണ് റിമ കല്ലിങ്കലും ദിവ്യപ്രഭയും പങ്കുവെച്ചത്. ലൈംഗികതയെയും സ്ത്രീശരീരത്തെയും മലയാളി നോക്കിക്കാണുന്ന രീതിയിലെ ഇരട്ടത്താപ്പിനെ കുറിപ്പ് രൂക്ഷമായി വിമർശിക്കുന്നു. പ്രണവ് മോഹൻലാൽ നായകനായ ‘ഡീയസ് ഈറെ’ എന്ന മ്യൂസിക് വീഡിയോയിലെ നടി അതുല്യ ചന്ദ്രയെ ഭോഗവസ്തുവായി തരംതാഴ്ത്തിയവരും ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ ദിവ്യപ്രഭയുടെ അഭിനയത്തെ വിമർശിച്ചവരും ഒരേ മനോഭാവക്കാരാണെന്ന് കുറിപ്പ് ആരോപിക്കുന്നു.
ഇന്റിമേറ്റ് രംഗങ്ങളിൽ നായകന്മാരായ പ്രണവ് മോഹൻലാലിനെപ്പോലെയുള്ളവർ ചർച്ചകളിൽ അദൃശ്യരാകുകയും എല്ലാ സദാചാര ഭാരവും സ്ത്രീകളുടെ തലയിൽ മാത്രം കെട്ടിവെക്കുകയും ചെയ്യുന്നുവെന്ന് കുറിപ്പിൽ ആരോപിക്കുന്നു, ‘മായാനദി’, ‘4 ഇയേഴ്സ്’ തുടങ്ങിയ സിനിമകളിലെ ഇന്റിമേറ്റ് രംഗങ്ങളെ അംഗീകരിക്കുന്നവർ ‘ടോക്സിക്’ ടീസറിനെ അശ്ലീലമായി കാണുന്നത് എന്തുകൊണ്ടാണെന്ന് കുറിപ്പ് ചോദിക്കുന്നു.ഒരു സ്ത്രീ ലൈംഗികത ആസ്വദിക്കുന്നതോ ആ വികാരങ്ങൾ പ്രകടിപ്പിക്കുന്നതോ അഴുക്കാണെന്ന് കരുതുന്ന യുവതലമുറയുടെ മനോഭാവം മാറേണ്ടതുണ്ടെന്ന് കുറിപ്പിൽ പറയുന്നു.
കുറിപ്പിൻ്റെ പൂർണരൂപം
‘‘ഡീയസ് ഈറെ പുറത്തിറങ്ങിയതിന് ശേഷം, ട്രോൾ പേജുകളും സിനിമാ ഗ്രൂപ്പുകളും ഉൾപ്പെടെ എത്രത്തോളം ആളുകളാണ് അതുല്യ ചന്ദ്രയെ വെറുമൊരു “സെഡക്റ്റീവ് ഒബ്ജക്റ്റ്” (ഭോഗവസ്തു) ആയി തരംതാഴ്ത്തിയത് എന്ന് കാണുന്നത് ഏറെ വിഷമകരമായിരുന്നു. ആ ലേബലുകൾ ഞെട്ടിപ്പിച്ചത് അവയുടെ ബോൾഡ്‌നെസ്സ് കൊണ്ടല്ല, മറിച്ച് നമ്മുടെ മനോഭാവത്തെ അവ അത്രത്തോളം തുറന്നുകാട്ടുന്നു എന്നതുകൊണ്ടാണ്. ഇതിലെ ഏറ്റവും വലിയ തമാശ എന്തെന്നാൽ, ഈ ചർച്ചകളിലെല്ലാം പ്രണവ് മോഹൻലാൽ എന്ന നടൻ പൂർണമായും അദൃശ്യനായിരുന്നു എന്നതാണ്.
ആ ഇന്റിമേറ്റ് സീൻ അതുല്യ തനിച്ച് ചെയ്തതാണെന്ന മട്ടിലായിരുന്നു കാര്യങ്ങൾ. ‘ഡീയസ് ഈറെ’യായിരുന്നു മലയാളിക്ക് തങ്ങളുടെ സദാചാര പൊലീസ് ബാഡ്ജുകൾ വീണ്ടും പുറത്തെടുക്കാൻ പ്രചോദനം ആയത്. ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിലെ ദിവ്യപ്രഭയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. ലൈംഗികത എന്നതിനെ നാം എന്തുകൊണ്ടാണ് സഹജമായി സ്ത്രീയുമായി മാത്രം ബന്ധിപ്പിക്കുന്നത് എന്ന് ഇത് ചിന്തിപ്പിക്കുന്നു; ലൈംഗികതയുടെ മുഴുവൻ സദാചാര ഭാരവും സ്ത്രീ മാത്രം ചുമക്കേണ്ട ഒന്നാണോ?
ലൈംഗികതയെക്കുറിച്ചാണെങ്കിൽ ഉടനെ നമ്മുടെ നോട്ടം സ്ത്രീയിലേക്ക് മാത്രമായി ചുരുങ്ങുന്നു. ഇപ്പോൾ, ‘ടോക്സിക്’ ടീസറിലെ ഉഭയസമ്മതപ്രകാരമുള്ള വികാരാധീനമായ ഒരു ലൈംഗിക രംഗത്തെ പോലും അശ്ലീലമെന്നും വൃത്തികെട്ടതെന്നും വിശേഷിപ്പിക്കുന്നത് കാണാം. പരസ്പര താൽപ്പര്യത്തിൽ അധിഷ്ഠിതമായ ഒന്ന് എങ്ങനെയാണ് “വൃത്തികെട്ടത്” ആകുന്നത്? ഒരു സ്ത്രീയെ ലൈംഗിക നിമിഷങ്ങളിൽ കാണിക്കുന്നത് ഉടൻ തന്നെ വസ്തുവൽക്കരണമായും, അശ്ലീലമായും, അവളുടെ അന്തസ്സിന് നേരെയുള്ള ഭീഷണിയായും മുദ്രകുത്തപ്പെടുന്നു. ലൈംഗികത എന്നത് സ്ത്രീകൾക്ക് എതിരായ ഒന്നാണെന്ന മട്ടിലാണ് കാര്യങ്ങൾ. കൂടുതൽ പുരോഗമനവാദികളെന്ന് നാം കരുതിയ യുവതലമുറ പോലും ലൈംഗികതയെ അധാർമ്മികമായും സ്ത്രീകൾക്ക് ദോഷകരമായും ഇപ്പോഴും കാണുന്നു. ഒരു സ്ത്രീ ലൈംഗികത ആസ്വദിക്കുന്നതോ, അവളുടെ ഭാവങ്ങളോ ശബ്ദങ്ങളോ ഒക്കെ ഇവിടെ ഇപ്പോഴും അഴുക്കായാണ് കാണപ്പെടുന്നത്.
നമുക്ക് ‘മായാനദി’യും ‘4 ഇയേഴ്സും’ ഒക്കെ ഉണ്ടായിരുന്നു, ആരും അവയെ സ്ത്രീവിരുദ്ധമെന്നോ അധാർമികമെന്നോ ഫെമിനിസത്തിന് നേരെയുള്ള ആക്രമണമെന്നോ വിളിച്ചില്ല. കാഴ്ചക്കാരന് കുറഞ്ഞത് ഒരു പക്വതയെങ്കിലും ഉണ്ടെങ്കിൽ, ഇതിലെ ചർച്ച നഗ്നതയെക്കുറിച്ചോ ലൈംഗികതയെക്കുറിച്ചോ അല്ല, മറിച്ച് നാം അത് കാണാൻ ഉപയോഗിക്കുന്ന കാഴ്ചപ്പാടിനെകുറിച്ചാണെന്ന് തിരിച്ചറിയും. അതിനാൽ, ഏതാണ് അടിച്ചേൽപ്പിച്ചത് എന്നും ഏതാണ് സ്വാഭാവികം എന്നും ആ നോട്ടത്തിലെ വ്യത്യാസം തിരിച്ചറിയാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ, പ്രശ്നം നിങ്ങളുടെ സദാചാരബോധത്തിനാണ്. ഈ വ്യത്യാസം മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ, കേരളം എന്നും അതിന്റെ ഈ സദാചാര കുമിളയ്ക്കുള്ളിൽ തന്നെ തുടരും. എന്നും ലൈംഗികത കണ്ട് ഞെട്ടുകയും സ്ത്രീകളെ മാത്രം വിചാരണ ചെയ്യുകയും യഥാർത്ഥ വസ്തുത കാണാതെ പോവുകയും ചെയ്യും.’’
അതേസമയം, ഗീതു മോഹൻദാസിനെ പിന്തുണച്ചുള്ള ഈ വാദങ്ങളെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ‘മായാനദി’യിലെ രംഗങ്ങൾ കഥാപരമായ അനിവാര്യതയായിരുന്നുവെന്നും എന്നാൽ ‘ടോക്സിക്’ ടീസറിൽ റോക്കിങ് സ്റ്റാർ യഷിന്റെ മാസ്സ് ഇമേജിന് ഹൈപ്പ് നൽകാൻ മാത്രമാണ് പെൺശരീരത്തെ ഉപയോഗിച്ചതെന്നുമാണ് വിമർശകരുടെ പക്ഷം. ‘കസബ’ സിനിമയിലെ സ്ത്രീവിരുദ്ധതയെ പരസ്യമായി വിമർശിച്ച ഗീതു മോഹൻദാസ് തന്നെ ഇത്തരം ദൃശ്യങ്ങൾ ഉൾപ്പെടുത്തിയത് വിരോധാഭാസമാണെന്നും സോഷ്യൽ മീഡിയയിൽ കമന്റുകൾ നിറയുന്നു. ഈ രംഗത്തിന്റെ പശ്ചാത്തലമാണ് യഥാർത്ഥ പ്രശ്നം. ‘മായാനദി’യിൽ ആ രംഗം അപ്പുവിന്റെ സന്തോഷവും മാത്തനുമായുള്ള ഒത്തുചേരലും കാണിക്കാനായിരുന്നു. എന്നാൽ ‘ടോക്സിക്’ ടീസറിൽ ഇങ്ങനെയൊരു സീൻ നൽകിയതിന്റെ ഉദ്ദേശ്യമെന്താണ്? പ്രേക്ഷകരെ ഞെട്ടിക്കാനോ അതോ നായകന്റെ പൗരുഷം ഉയർത്തിക്കാട്ടാനോ? ‘കസബ’യിലെ ഇത്തരം കാര്യങ്ങളെ പരസ്യമായി വിമർശിച്ച അതേ സംവിധായിക തന്നെ ഇപ്പോൾ ‘റോക്കിങ് സ്റ്റാറിനെ’ ഹൈപ്പ് ചെയ്യാൻ പേരു പോലുമില്ലാത്ത ഒരു സ്ത്രീയെ ഉപയോഗിക്കുന്നു എന്നത് തികച്ചും വിരോധാഭാസമാണ്” എന്നാണ് ഒരാൾചൂണ്ടിക്കാട്ടിയത്
ആഷിക്ക് അബു ഉൾപ്പെടെയുള്ള പ്രമുഖർ സോഷ്യൽ മീഡിയയിൽ ഈ വിഷയത്തിൽ നടക്കുന്ന ചർച്ചകളിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സിനിമയുടെ പശ്ചാത്തലവും ഉദ്ദേശ്യശുദ്ധിയും പുറത്തുവരാനിരിക്കെ, ടീസർ ഉയർത്തിവിട്ട സദാചാര ചർച്ചകൾ വരും ദിവസങ്ങളിലും തുടരുമെന്നുറപ്പാണ്.













Discussion about this post