ഇന്ത്യൻ ടീമിന്റെ വൈറ്റ്-ബോൾ നിരയിൽ നിലവിൽ ഋഷഭ് പന്തിന് സ്ഥാനമില്ലെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര അടുത്തിടെ പറഞ്ഞു. ലഭ്യമായ വൈവിധ്യമാർന്ന ഓപ്ഷനുകൾ കണക്കിലെടുക്കുമ്പോൾ, ഒരു ഫോർമാറ്റിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കളിക്കാരെ എല്ലായ്പ്പോഴും മറ്റ് ഫോർമാറ്റുകളിലേക്ക് തിരഞ്ഞെടുക്കണമെന്നില്ല എന്നതാണ് ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് അദ്ദേഹം വിശദീകരിച്ചു.
ജൂൺ 24 ന് ലീഡ്സിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടിരുന്നു. തോറ്റെങ്കിലും, പന്ത് തന്റെ മികച്ച ഫോം തുടരുന്ന കാഴ്ചയും കാണാൻ സാധിച്ചു. ആദ്യ ഇന്നിംഗ്സിൽ 178 പന്തിൽ നിന്ന് 134 റൺസും രണ്ടാം ഇന്നിംഗ്സിൽ 140 പന്തിൽ നിന്ന് 118 റൺസും താരം നേടി. മുൻ ഓപ്പണർ ആകാശ് ചോപ്രയോട് ഇന്ത്യയുടെ വൈറ്റ്-ബോൾ ടീമുകളിൽ പന്തിന്റെ സ്ഥാനത്തെക്കുറിച്ച് ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന് ശേഷം ചോദ്യങ്ങൾ ഉണ്ടായി.
അതിന് അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെ:
“ടെസ്റ്റിലെ ശ്രേയസ് അയ്യർ ടീമിൽ ഇല്ലാത്തത് അയാൾ മോശം താരം ആയതുകൊണ്ട് അല്ലല്ലോ. ഇന്ത്യൻ ക്രിക്കറ്റിന്റെ വിരോധാഭാസം ഇതാണ്, പക്ഷേ അതിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതയും ഇതാണ്. ഇന്ത്യൻ ടീമിൽ ഒരുപാട് ഓപ്ഷനുകൾ ഉണ്ട്. അതിനാൽ തന്നെ എല്ലാവർക്കും സ്ഥാനം കിട്ടില്ല. അത്ര ആഴമുണ്ട് ഇന്ന് ഇന്ത്യൻ നിരക്ക്.”
” ടെസ്റ്റിൽ സ്ഥിരം അംഗമാണ് പന്ത്. പക്ഷെ അവന് ഏകദിനത്തിൽ സ്ഥാനമില്ല. ധാരാളം മറ്റ് ഓപ്ഷനുകൾ ഇന്ത്യക്ക് ഉണ്ട്. ഏകദിന ക്രിക്കറ്റിൽ രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ എന്നിവരുണ്ട്, പിന്നീട് ഹാർദിക് പാണ്ഡ്യ വരുന്നു. അങ്ങനെയുള്ള ടീമിൽ പന്തിന് സ്ഥാനമില്ല ”അദ്ദേഹം കുറിച്ചു.
2025 ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ പന്തിനെ ഉൾപ്പെടുത്തിയിരുന്നു, പക്ഷേ അദ്ദേഹത്തിന് ഒരു മത്സരത്തിൽ പോലും അവസരം കിട്ടിയില്ല. കെ.എൽ രാഹുലായിരുന്നു പകരം കീപ്പറായി കളിച്ചിരുന്നത്.
Discussion about this post