ന്യൂഡൽഹി : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വീഡിയോ കോളിൽ സംസാരിച്ച് ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല. ബഹിരാകാശത്തെ തന്റെ അനുഭവങ്ങളെക്കുറിച്ച് ശുഭാംശു ശുക്ല പ്രധാനമന്ത്രിയുമായി സംസാരിച്ചു. ഇന്ത്യയുടെ ബഹിരാകാശ ശ്രമങ്ങളിലെ ഈ നാഴികക്കല്ലിന്റെ പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി. മുഴുവൻ ഇന്ത്യക്കാരുടെയും പിന്തുണയും ആവേശവും ഒപ്പം ഉണ്ടെന്ന് മോദി അറിയിച്ചു.
പ്രധാനമന്ത്രിയുമായി സംസാരിക്കുന്നതിനായി കാലുകൾ ബന്ധിച്ചിരിക്കുകയാണെന്ന് ശുഭാംശു വ്യക്തമാക്കി. അല്ലാത്ത സമയങ്ങളിൽ എല്ലാം പൊങ്ങിക്കിടക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഒരു വർഷത്തെ പരിശീലത്തിനു ശേഷമാണ് താൻ ഇവിടെ വന്നത് എങ്കിലും ഇവിടെ വന്നപ്പോൾ കാര്യങ്ങൾ ആകെ വ്യത്യസ്തമാണ് എന്നും ശുഭാംശു സൂചിപ്പിച്ചു. ഗുരുത്വാകർഷണം ഇല്ലാത്തതിനാൽ ഇവിടെ ചെറിയ കാര്യങ്ങൾ പോലും വ്യത്യസ്തമാണ്. ഇവിടെ ഉറങ്ങുക എന്നത് ഒരു വലിയ വെല്ലുവിളിയാണ്. ഈ പരിതസ്ഥിതിയുമായി പൊരുത്തപ്പെടാൻ കുറച്ച് സമയമെടുക്കും എന്നും ശുഭാംശു പ്രധാനമന്ത്രിയെ അറിയിച്ചു.
ശുഭാംശു മാതൃരാജ്യത്തുനിന്ന് ഒരുപാട് അകലെയാണെങ്കിലും എല്ലാ ഇന്ത്യക്കാരുടെയും ഹൃദയത്തോട് ഏറ്റവും ചേർന്നാണ് ഇപ്പോൾ ഉള്ളത് എന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. ആ പേര് ഒരു ശുഭബോധം ഉൾക്കൊള്ളുന്നുവെന്നും ശുഭാംശുവിന്റെ യാത്ര ഒരു പുതിയ യുഗത്തിന്റെ തുടക്കത്തെ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്ലാം ശരിയാണോ എന്നും സഹയാത്രികർ സുഖമായിരിക്കുന്നുണ്ടോ എന്നും മോദി അന്വേഷിച്ചു. ബഹിരാകാശത്ത് പതാക ഉയർത്തുന്ന ചടങ്ങിന് ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേരുന്നതായും മോദി അറിയിച്ചു.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കാലുകുത്തുന്ന ആദ്യ ഇന്ത്യക്കാരൻ ആണ് ശുഭാംശു ശുക്ല. രാകേഷ് ശർമ്മയ്ക്ക് ശേഷം ഭൂമിയുടെ അന്തരീക്ഷത്തിനപ്പുറം സഞ്ചരിച്ച രണ്ടാമത്തെ ഇന്ത്യക്കാരൻ കൂടിയാണ്. നാസയുടെ ആക്സിയം 4 ദൗത്യത്തിന്റെ ഭാഗമായി ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു സ്പേസ് എക്സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ ആണ് ശുഭാംശു ശുക്ലയും സഹയാത്രികരും അന്താരാഷ്ട്ര ബഹിരാകാശ നിലയിൽ എത്തിയത്.
Discussion about this post