ലോകമെമ്പാടും പ്രവർത്തിക്കുന്ന ക്രിക്കറ്റ് ലീഗുകൾക്ക് മുന്നിൽ ഇതാ ഒരു പുതിയ ഭീഷണി ഉയർന്നുവന്നിരിക്കുന്നു. ഐപിഎൽ, ദി ഹണ്ട്രഡ് പോലുള്ള ജനപ്രിയ ലീഗുകൾക്ക് വെല്ലുവിളിയുമായി സൗദി അറേബ്യയുടെ നിർദ്ദിഷ്ട സൂപ്പർ-ടി20 ലീഗാണ് വരാൻ പോകുന്നത്. പണത്തിന് ഒരു കുറവും ഇല്ലാത്ത സൗദി വമ്പൻ പദ്ധതികൾ ആണ് ഒരുക്കുന്നത്.
ഈ വെല്ലുവിളി നേരിടാൻ ഇന്ത്യയും ഇംഗ്ലണ്ടും തന്ത്രങ്ങൾ മെനയാൻ തുടങ്ങി കഴിഞ്ഞു. ഇരു രാജ്യങ്ങളുടെയും ക്രിക്കറ്റ് ബോർഡുകളായ ബിസിസിഐയും ഇസിബിയും ഈ പുതിയ ലീഗിനെ എതിർത്തിരിക്കുകയാണ്. ബ്രിട്ടീഷ് പത്രമായ ‘ദി ഗാർഡിയൻ’ റിപ്പോർട്ട് പ്രകാരം, ബിസിസിഐയും ഇസിബിയും ഈ പുതിയ അറബ് ലീഗിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചിട്ടുണ്ട്. ലോർഡ്‌സിൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനിടെ, ഇരു ബോർഡുകളുടെയും ഉന്നത ഉദ്യോഗസ്ഥർ തമ്മിൽ നടന്ന യോഗത്തിൽ നിർണായക തീരുമാനങ്ങൾ ഉണ്ടായി. അതിൽ ഈ ലീഗിനെ തങ്ങൾ പിന്തുണയ്ക്കില്ലെന്നും അതിൽ കളിക്കാൻ അവരുടെ കളിക്കാർക്ക് എൻഒസി (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) നൽകില്ലെന്നും തീരുമാനിച്ചു.
ഇതോടൊപ്പം, ഈ ലീഗിന് ഔദ്യോഗിക അംഗീകാരം നൽകരുതെന്ന് രണ്ട് ബോർഡുകളും ചേർന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൽ (ഐസിസി) സമ്മർദ്ദം ചെലുത്തും. ഇന്ത്യയും ഇംഗ്ലണ്ടും ഈ ലീഗിനെ എതിർക്കുമ്പോൾ, ക്രിക്കറ്റ് ഓസ്‌ട്രേലിയ (സിഎ) ലീഗിനെ പിന്തുണയ്ക്കുന്നു. റിപ്പോർട്ട് അനുസരിച്ച്, ഈ ലീഗിൽ സൗദി നിക്ഷേപകരുമായി പങ്കാളിത്തം സ്ഥാപിക്കാൻ ഓസ്‌ട്രേലിയ തയ്യാറാണ്.
ബിഗ് ബാഷ് ലീഗ് (ബിബിഎൽ) ഇപ്പോൾ പൂർണ്ണമായും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെയും സംസ്ഥാന അസോസിയേഷനുകളുടെയും നിയന്ത്രണത്തിലായതിനാൽ, കൂടുതൽ സ്വകാര്യ നിക്ഷേപം സൗദിയുമായി ചേർന്ന് ഉണ്ടാക്കാൻ അവർ ആഗ്രഹിക്കുന്നു. സൗദി അറേബ്യയിലെ ഈ ലീഗ് ആസൂത്രണം ചെയ്യുന്നത് എസ്ആർജെ സ്പോർട്സ് ഇൻവെസ്റ്റ്‌മെന്റ്‌സ് എന്ന കമ്പനിയാണ്, ഈ പദ്ധതിയിൽ ഏകദേശം 400 മില്യൺ ഡോളർ (ഏകദേശം ₹3442 കോടി) നിക്ഷേപിക്കാൻ അവർ തയ്യാറാണ്.
ഈ ലീഗിൽ 8 ടീമുകൾ ഉണ്ടാകും, ടീമുകൾ എല്ലാ വർഷവും വ്യത്യസ്ത സ്ഥലങ്ങളിൽ നാല് ടൂർണമെന്റുകൾ കളിക്കും. ഇതിന്റെ ഘടന ടെന്നീസിലെ ഗ്രാൻഡ് സ്ലാം ടൂർണമെന്റുകൾ പോലെയായിരിക്കും. അത്തരമൊരു സവിശേഷ ഫോർമാറ്റും മികച്ച നിക്ഷേപവും കാരണം, നിലവിലുള്ള ക്രിക്കറ്റ് ലീഗുകൾക്ക് ശരിക്കും ഭീഷണി തന്നെയാണ് സൗദി ലീഗ്.
അതുകൊണ്ടാണ് ബിസിസിഐയും ഇസിബിയും ഇതിനകം തന്നെ നേതൃത്വം എടുത്ത് ഈ ലീഗ് നിർത്താൻ ഒരുക്കങ്ങൾ നടത്തിയിരിക്കുന്നത്.
Discussion about this post