മലപ്പുറത്തെ ഒരു വയസ്സുകാരന്റെ മരണകാരണം മഞ്ഞപ്പിത്തം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മലപ്പുറം പാങ്ങിൽ ഒരു വയസുകാരൻ ഇസെൻ ഇർഹാൻ മരിച്ച സംഭവത്തിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. പാല് കുടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണാണ് കുട്ടി മരിച്ചത് എന്നായിരുന്നു മാതാപിതാക്കൾ പ്രചരിപ്പിച്ചിരുന്നത്. കുട്ടിയുടെ ആന്തരികാവയവങ്ങളുടെ രാസ പരിശോധന ഫലം പുറത്തുവന്നതിനുശേഷം തുടർനടപടികളിലേക്ക് നീങ്ങുമെന്ന് പോലീസ് വ്യക്തമാക്കി.
കോട്ടക്കൽ സ്വദേശികളായ നവാസ് – ഹിറ ഹറീറ ദമ്പതിമാരുടെ മകൻ ആണ് ഇസെൻ ഇർഹാൻ. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഒരു വയസ്സുകാരനായ ഇസൈൻ ഇർഹാൻ മരിച്ചത്. കുഞ്ഞിന് മാതാപിതാക്കൾ ചികിത്സ നൽകിയില്ലെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അക്യുപങ്ചറിസ്റ്റ് ആയ കുട്ടിയുടെ അമ്മ അശാസ്ത്രീയ ചികിത്സാരീതികൾ പിന്തുടർന്നിരുന്ന വ്യക്തിയാണ്. വീട്ടിലെ പ്രസവത്തെയും അശാസ്ത്രീയ ചികിത്സാരീതികളെയും ഇവർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
വീട്ടിൽ പ്രസവിച്ച ഹിറ ഹറീറ കുട്ടിക്ക് പ്രതിരോധ കുത്തിവെപ്പുകൾ ഒന്നും തന്നെ നൽകിയിരുന്നില്ല. തുടർന്ന് ഏതാനും ദിവസങ്ങൾക്കു മുൻപ് മഞ്ഞപ്പിത്തം ബാധിച്ചപ്പോഴും കുട്ടിക്ക് ചികിത്സകൾ നൽകിയില്ല. കുട്ടി മരിച്ചതിന് പിന്നാലെ പാല് കുടിച്ചതിനുശേഷം കുഴഞ്ഞുവീണു മരിച്ചു എന്ന രീതിയിൽ ആയിരുന്നു പ്രചരിപ്പിച്ചിരുന്നത്. പടിഞ്ഞാറ്റുമുറി ജുമാമസ്ജിദിൽ ആയിരുന്നു കുട്ടിയുടെ മൃതദേഹം ഖബറടക്കിയത്. പോലീസിന് പരാതി ലഭിച്ചതിനെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു.
Discussion about this post