ഷിംല : ഹിമാചൽ പ്രദേശിൽ കനത്ത നാശംവിതച്ച് മഴ. ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയോടൊപ്പം കഴിഞ്ഞദിവസം മേഘവിസ്ഫോടനവും ഉണ്ടായി. ഇതോടെ അതിതീവ്രമഴയും പ്രളയവും ആണ് ഹിമാചൽപ്രദേശിലെ പല ജില്ലകളിലും ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്തെ എട്ടു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.
തലസ്ഥാന നഗരമായ ഷിംല ഉൾപ്പെടെയുള്ള നഗരങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടും മണ്ണിടിച്ചിലും മൂലം റോഡുകളും ഗതാഗതവും തടസ്സപ്പെട്ടു. ടൂറിസ്റ്റുകൾ ഉൾപ്പെടെ നിരവധി പേർ വിവിധ മേഖലകളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. കർസോഗ് പ്രദേശത്തെ മേഘവിസ്ഫോടനത്തെ തുടർന്ന് പെയ്ത കനത്ത മഴയിൽ രണ്ടു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട് . ഒരു കുടുംബത്തിലെ ഏഴ് പേരെ കാണാതായി. ചില വീടുകളും വാഹനങ്ങളും ഒലിച്ചുപോയി.
ഇന്നലെ രാത്രി മുതൽ തുടർച്ചയായി പെയ്യുന്ന മഴയെത്തുടർന്ന് മാണ്ഡി ജില്ലയിലെ സ്ഥിതി കൂടുതൽ വഷളാക്കി. ജില്ലയിലെ എല്ലാ നദികളും അരുവികളും കരകവിഞ്ഞൊഴുകുകയാണ്. 2008 ൽ ബഖ്‌ലി ഖാദിൽ നിർമ്മിച്ച 16 മെഗാവാട്ട് പത്തികാരി വൈദ്യുതി പദ്ധതി തകർന്നു. നദികളിലെ ശക്തമായ ഒഴുക്കുമൂലം ഇവിടെ രക്ഷാപ്രവർത്തനം പോലും തടസ്സപ്പെട്ടിരിക്കുകയാണ്.
Discussion about this post