ഇന്ത്യൻ സിനിമയുടെ തന്നെ സ്വകാര്യ അഹങ്കാരമായ മലയാളികളുടെ പ്രിയതാരം മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക്. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം സിനിമയിലൂടെ ആണ് വിസ്മയ മോഹൻലാൽ സിനിമാ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലെ നായികയായാണ് വിസ്മയ എത്തുന്നത്.
ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിലൂടെയാണ് വിസ്മയ സിനിമയിൽ തുടക്കം കുറിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. സിനിമയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം മോഹൻലാൽ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. എഴുത്തിലൂടെയും ചിത്രരചനയിലൂടെയും കലാ ലോകത്ത് പണ്ടേ ചുവടുറപ്പിച്ചിട്ടുള്ള വ്യക്തിയാണ് വിസ്മയ മോഹൻലാൽ.
ആമസോണിന്‍റെ ‘ബെസ്റ്റ് സെല്ലര്‍’ വിഭാഗത്തിൽ ഇടം പിടിച്ചിട്ടുള്ള ഒരു പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് വിസ്മയ . ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്ന വിസ്മയയുടെ രചന 2021 ല്‍ പെന്‍ഗ്വിന്‍ ബുക്സ് ആണ് പ്രസിദ്ധീകരിച്ചിരുന്നത്. സാഹിത്യത്തോടൊപ്പം തന്നെ മുവൈ തായ് എന്ന തായ് ആയോധനകലയിലും വിദഗ്ധയാണ് വിസ്മയ മോഹൻലാൽ.
Discussion about this post