ഒരു ‘ഐ ലവ് യു’ എന്ന് പറയുന്നത് ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ലെന്ന് കോടതി നിരീക്ഷണം.2015ൽ 17 വയസുള്ള കുട്ടിയെ പീഡിപ്പിച്ചു എന്ന കേസിൽ ശിക്ഷ അനുഭവിച്ച 35 വയസുകാരന്റെ കേസ് പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിന്റേതാണ് നിരീക്ഷണം.
ഐ ലവ് യു എന്ന് പറയുന്നത് ഒരു വ്യക്തിയുടെ വികാരങ്ങളുടെ പ്രകടനം മാത്രമാണ്, അതിനെ ലൈംഗിക ഉദ്ദേശത്തോടെയുള്ളതായി കണക്കാക്കാൻ സാധിക്കില്ല. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ സ്പർശിക്കുക, മോശമായി സംസാരിക്കുക, ആംഗ്യങ്ങൾ കാണിക്കുക എന്നിവയൊക്കെ ലൈംഗിക കുറ്റകൃത്യങ്ങളുടെ പരിധിയിൽ പെടുന്നവയാണ്. എന്നാൽ ഇഷ്ടമാണ് എന്ന് പറയുന്നത് കൊണ്ട് മാത്രം ഒരാളെ പീഡനക്കുറ്റം ചുമത്തി ശിക്ഷിക്കാനാവില്ലെന്ന് ഊർമിള ജോഷി ഫാൽകെയുടെ അധ്യക്ഷതയിലുളള ബെഞ്ച് ചൂണ്ടിക്കാട്ടി
ഐ ലവ് യു എന്ന് പറയുന്നതിനപ്പുറം ഒരാളുടെ ലൈംഗിക ഉദ്ദേശം വ്യക്തമാക്കുന്ന രീതിയിൽ മറ്റ് കാര്യങ്ങൾ കൂടി ഉണ്ടെങ്കിൽ മാത്രമേ ഒരാൾക്കെതിരെ ലൈംഗിക പീഡനത്തിലെ വകുപ്പുകൾ ഉൾപ്പെടുത്താൻ സാധിക്കുകയുള്ളു എന്നും കോടതി വ്യക്തമാക്കി.
പോക്സോ നിയമപ്രകാരം നാഗ്പുർ സെഷൻസ് കോടതി 35കാരന് മൂന്ന് വർഷം തടവ് വിധിച്ചിരുന്നു. സ്‌കൂൾ വിട്ട വരുന്ന 17 വയസുള്ള പെൺകുട്ടിയെ കൈയിൽ പിടിച്ചതിന് ശേഷമാണ് ഇയാൾ ഐ ലവ് യു എന്ന് പറഞ്ഞത്. സംഭവം കുട്ടി വീട്ടിൽ പറയുകയും അച്ഛൻ പോലീസിൽ പരാതി നൽകുകയുമായിരുന്നു. കോടതിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ യുവാവിനെ കേസിൽ നിന്ന് ഒഴിവാക്കി.
Discussion about this post