തിരുവനന്തപുരം : കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ. വൈസ് ചാൻസിലർ ആണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ച കാരണത്തിനാണ് രജിസ്ട്രാറെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഭാരതാംബ വിവാദത്തിന് പിന്നാലെ ആയിരുന്നു ഗവർണറുടെ പരിപാടിക്ക് രജിസ്ട്രാർ അനുമതി നിഷേധിച്ചത്.
ഭാരതാംബയുടെ ചിത്രം വെച്ചുള്ള സെനറ്റ് ഹാളിലെ പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ ആണ് സസ്പെൻഡ് ചെയ്തത്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് വി സി ഡോ. മോഹൻ കുന്നുമ്മൽ വ്യക്തമാക്കി. സെനറ്റ് ഹാളിൽ പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങാണ് വിവാദങ്ങൾക്കും നടപടിക്കും കാരണമായത്.
സർവകലാശാല അനുമതി റദ്ദ് ചെയ്തശേഷവും സെനറ്റ് ഹാളിലെ നിശ്ചിത പരിപാടിയിൽ ഗവർണർ പങ്കെടുത്തിരുന്നു. ഇത് നിയമവിരുദ്ധമാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് രജിസ്ട്രാർ ഡിജിപിക്ക് പരാതി നൽകുകയും ചെയ്തു. സെനറ്റ് ഹാളിൽ നടന്ന പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചത് നിബന്ധനകളുടെ ലംഘനമാണെന്ന് പറഞ്ഞായിരുന്നു ഗവർണറുടെ പരിപാടിക്ക് രജിസ്ട്രാർ അനുമതി നിഷേധിച്ചിരുന്നത്. രജിസ്ട്രാറുടെ ഈ തീരുമാനമാണ് ഇപ്പോൾ സസ്പെൻഷന് കാരണമായിട്ടുള്ളത്.
Discussion about this post