തിരുവനന്തപുരം : പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റ ഡിജിപി റവാഡ ചന്ദ്രശേഖർ രാജ്‌ഭവനിൽ സന്ദർശനം നടത്തി. ഗവർണർ രാജേന്ദ്ര അർലേകറുമായി ഡിജിപി കൂടിക്കാഴ്ച നടത്തി. സുരക്ഷാ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം റദ്ദാക്കിയ നടപടിയിൽ ഗവർണർ ഡിജിപിയെ അതൃപ്തി അറിയിച്ചു.
രാജ്ഭവൻ സുരക്ഷാ ചുമതലയിലേക്ക് ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം സർക്കാർ ഇടപെട്ട് റദ്ദാക്കിയിരുന്നു. ഇക്കാര്യത്തിലുള്ള അതൃപ്തിയാണ് രാജ്ഭവൻ പുതിയ ഡിജിപിയെ അറിയിച്ചത്. ആറ് പൊലീസുകാരുടെയും ഒരു ഡ്രൈവറുടെയും പേരാണ് രാജ്‌ഭവൻ നിർദ്ദേശിച്ചിരുന്നത്.
ഗവർണർ ആവശ്യപ്പെട്ട ഉദ്യോഗസ്ഥരെ രാജ്‌ഭവനിലേക്ക് സ്ഥലംമാറ്റിക്കൊണ്ട് മുൻ ഡിജിപി പുറത്തിറക്കിയ ഉത്തരവ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ സർക്കാർ ഇടപെട്ട് റദ്ദാക്കുകയായിരുന്നു. ഉത്തരവ് റദ്ദാക്കിയതിന്റെ കാരണം സർക്കാർ വ്യക്തമാക്കിയിട്ടില്ല.
Discussion about this post