ടെസ്റ്റ് ക്രിക്കറ്റിൽ അവസരങ്ങൾ കിട്ടിയിട്ടും അത് മുതലാക്കാതെ മോശം പ്രകടനം നടത്തിയാൽ ദുഖിക്കേണ്ടി വരുമെന്ന് കരുൺ നായർക്ക് മുന്നറിയിപ്പ് നൽകി സുനിൽ ഗവാസ്കറും ചേതേശ്വർ പൂജാരയും രംഗത്ത്. ഏഴ് വർഷത്തിന് ശേഷം ആഭ്യന്തര ക്രിക്കറ്റിലെയും ഇന്ത്യൻ പ്രീമിയർ ലീഗിലെയും മികച്ച പ്രകടനങ്ങൾക്ക് ശേഷമാണ് താരത്തെ ഇംഗ്ലണ്ട് പരമ്പരയിലേക്ക് എടുക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ മികച്ച ബാറ്റിങ് ട്രാക്കിൽ മികവ് കാണിക്കാൻ മറന്ന അദ്ദേഹം ആദ്യ ഇന്നിങ്സിൽ പൂജ്യനായി മടങ്ങിയപ്പോൾ രണ്ടാം ഇന്നിങ്സിൽ 20 റൺ മാത്രം നേടിയാണ് പുറത്തായത്. രണ്ടാം മത്സരത്തിൽ ടീം മാനേജ്മെന്റ് അദ്ദേഹത്തെ നിലനിർത്തുകയും ബാറ്റിംഗ് ഓർഡറിൽ സ്ഥാനക്കയറ്റം നൽകുകയും ചെയ്തു. സായ് സുദർശൻ ആദ്യ ടെസ്റ്റിൽ ബാറ്റ് ചെയ്ത മൂന്നാം നമ്പർ കരുണിന് കിട്ടുകയും ചെയ്‌തു.
ഇന്നലെ എല്ലാ കാര്യങ്ങളും അനുകൂലം ആയിരുന്നിട്ടും അത് മുതലാക്കുന്നതിൽ താരം പരാജയപെട്ടു. 31 റൺ നേടിയ ഇന്നിങ്സിൽ മികച്ച ചില ഷോട്ടുകൾ ഒകെ കളിച്ചെങ്കിലും അത് വലിയ ഒരു സ്കോറാക്കി മാറ്റുന്നതിൽ താരം പരാജയപെട്ടു. ഇന്ത്യൻ ടീമിലെ വർദ്ധിച്ചുവരുന്ന മത്സരസമയത്ത് കരുണിന് ഈ 30 റൺ ഒന്നും ഗുണം ചെയ്യില്ല എന്നാണ് സുനിൽ ഗവാസ്കർ പറയുന്നത്.
“അദ്ദേഹത്തിന് 30 വയസ്സിനു മുകളിൽ പ്രായമുണ്ട്, അധികം പരമ്പരകൾ ലഭിക്കില്ല. ഇന്ത്യയ്ക്കായി 4-5 വർഷം കൂടി കളിക്കാൻ അവസരം ലഭിക്കണമെങ്കിൽ കരുൺ നായർ മികച്ച പ്രകടനം കാഴ്ചവയ്ക്കേണ്ടതുണ്ട്,” അദ്ദേഹം പറഞ്ഞു. “ഇത് അദ്ദേഹത്തിന്റെ പരമ്പരയാണ്, അദ്ദേഹം തന്റെ പ്രകടനം വിലയിരുത്തേണ്ടതുണ്ട്. അദ്ദേഹം ഒരു സെഞ്ച്വറി നേടേണ്ടതുണ്ട്,” ഗവാസ്കർ കൂട്ടിച്ചേർത്തു.
ഇന്ത്യൻ താരം പൂജാരയും ഗവാസ്കറിനോട് യോജിച്ചു. “അദ്ദേഹം നിരാശനാകും. ഒരു ഘട്ടത്തിൽ കരുൺ യശസ്വി ജയ്‌സ്വാളിനേക്കാൾ മികച്ച ബാറ്റിംഗ് നടത്തിയിരുന്നു, പക്ഷേ തുടക്കം ലഭിച്ചതിന് ശേഷം നിങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കേണ്ടതുണ്ട്. മികച്ച പന്തിൽ ആണ് പുറത്തായതെന്ന് എനിക്ക് അറിയാം. പക്ഷെ അവസരങ്ങൾ മുതലാക്കിയില്ലെങ്കിൽ അത് പണിയാകും. ഇനിയും കുറച്ച് മത്സരങ്ങൾ കൂടി ഇലവനിൽ സ്ഥാനം കിട്ടും. അത് മുതലാക്കണം. ഒരുപാട് അവസരങ്ങൾ കിട്ടില്ല. പ്രായം മുമ്പോട്ടാണ്, ഒരുപാട് യുവതാരങ്ങളാണ് അവസരത്തിനായി കാത്തിരിക്കുന്നത്.” താരം പറഞ്ഞു.
Discussion about this post