നിലവിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരിക്കുന്ന ബ്രിട്ടീഷ് നേവിയുടെ എഫ്-35 ബി യുദ്ധവിമാനത്തിന്റെ തകരാർ മാറ്റാനുള്ള ശ്രമം ഉപേക്ഷിച്ചതായി വിവരം. വിമാനം ഈ സാഹചര്യത്തിൽ പൊളിച്ച് ഭാഗങ്ങളാക്കി ബ്രിട്ടനിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. ഇതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.ഏതൊക്കെ ഭാഗങ്ങളാണ് പൊളിക്കുക എന്ന് ഇതുവരെ വ്യക്തമായില്ല. ചിറകുകൾ അഴിച്ചുമാറ്റാൻ തീരുമാനമായിട്ടുണ്ട്.
വിമാനം ഇവിടെ നിന്ന് കൊണ്ട് പോകുന്നതിനായി സി.17 ഗ്ലോബ്മാസ്റ്റർ എന്ന കൂറ്റൻ വിമാനം എത്തിക്കും. എയർലിഫ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനായാണ് ഗ്ലോബ്മാസ്റ്റർ എത്തിക്കുന്നത്.യുകെയിൽ നിന്നുള്ള വിദഗ്ദസംഘം പുറപ്പെട്ടിട്ടുണ്ട്. 40 അംഗ ബ്രിട്ടീഷ്-അമേരിക്കൻ സാങ്കേതികവിദഗ്ദ്ധരുടെ സംഘമാണ് തിരുവനന്തപുരത്തേക്കെത്തുന്നത്. എഫ്-35 നിർമിച്ച അമേരിക്കൻ കമ്പനിയായ ലോക്ഹീഡ് മാർട്ടിൻ കമ്പനിയുടെ സാങ്കേതികവിദഗ്ദ്ധരും ഇക്കൂട്ടത്തിലുണ്ടാകും.ഇത്രയും ദിവസം സൂക്ഷിച്ചതിനും സംരക്ഷിച്ചതിനുമുള്ള ഫീസ് പൂർണമായും നൽകിയാവും വിമാനം കൊണ്ടുപോകുക.
നിലവിൽ വിമാനത്താവളത്തിന്റെ നാലാം നമ്പർ ബേയിൽ സിഐഎസ്എഫിന്റെ സുരക്ഷാവലയത്തിലാണ് എഫ്-35.അറബിക്കടലിലെ സൈനികാഭ്യാസത്തിനെത്തിയ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് എന്ന യുദ്ധക്കപ്പലിൽനിന്നു പറന്നുയർന്ന എഫ്-35 വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിലാണ് തകരാർ കണ്ടെത്തിയത്. 14-ാം തീയതി രാത്രിയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയത്. വിദഗ്ധരുടെ പരിശോധനയിൽ വിമാനത്തിന്റെ സ്റ്റാർട്ടിങ് സംവിധാനത്തിനും പ്രശ്നം കണ്ടെത്തിയിട്ടുണ്ട്.
Discussion about this post