സ്വാമി വിവേകാനന്ദന്റെ മഹാസമാധിദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. ആത്മീയ ദർശകൻ, തത്ത്വചിന്തകൻ, സാംസ്കാരിക ചിഹ്നം എന്നീ നിലകളിൽ സ്വാമി വിവേകാനന്ദൻ ഭാരതത്തിന് നൽകിയ സംഭാവനകളെ അദ്ദേഹം സ്മരിച്ചു. സ്വാമി വിവേകാനന്ദന്റെ ചിന്തകളും ദർശനങ്ങളും ഇന്നും വഴികാട്ടിയാണെന്ന് മോദി സൂചിപ്പിച്ചു.
“സ്വാമി വിവേകാനന്ദജിയുടെ പുണ്യ തിഥിയിൽ ഞാൻ അദ്ദേഹത്തെ വണങ്ങുന്നു. നമ്മുടെ സമൂഹത്തിനായുള്ള അദ്ദേഹത്തിന്റെ ചിന്തകളും ദർശനങ്ങളും നമ്മുടെ വഴികാട്ടിയായി തുടരുന്നു. നമ്മുടെ ചരിത്രത്തിലും സാംസ്കാരിക പൈതൃകത്തിലും അഭിമാനവും ആത്മവിശ്വാസവും ജ്വലിപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സേവനത്തിന്റെയും കാരുണ്യത്തിന്റെയും പാതയിലൂടെ സഞ്ചരിക്കുന്നതിലും അദ്ദേഹം ഊന്നൽ നൽകി,” പ്രധാനമന്ത്രി മോദി എക്‌സിലെ ഒരു പോസ്റ്റിൽ കുറിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും സ്വാമി വിവേകാനന്ദനെ അനുസ്മരിച്ചു. ഇന്ത്യൻ ജ്ഞാനത്തിന്റെയും തത്ത്വചിന്തയുടെയും സാംസ്കാരിക അഭിമാനത്തിന്റെയും നവോത്ഥാനത്തിന്റെ പയനിയർ എന്നായിരുന്നു അമിത് ഷാ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. സ്വാമി വിവേകാനന്ദൻ ജനങ്ങളെ ആത്മീയ പുരോഗതിയിലേക്ക് പ്രചോദിപ്പിക്കുക മാത്രമല്ല, യുവാക്കൾക്കിടയിൽ ധാർമ്മിക ശക്തിയും ആത്മവിശ്വാസവും ഉണർത്തുകയും ചെയ്തു എന്നും അമിത് ഷാ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. സ്വാമി വിവേകാനന്ദൻ മുഴുവൻ ലോകത്തിനും പ്രചോദനമാണെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും അനുസ്മരിച്ചു.
Discussion about this post