ലോക ഒന്നാം നമ്പർ താരം മാഗ്‌നസ് കാൾസനെ വീണ്ടും തോൽപ്പിച്ചിരിക്കുകയാണ് ലോക ചാമ്പ്യൻ ഡി ഗുകേഷ്. ക്രൊയേഷ്യയിലെ ഗ്രാൻഡ് ചെസ്സ് ടൂർണമെൻറിലെ റാപ്പിഡ് ഫോർമാറ്റിലാണ് ഗുകേഷ് അട്ടിമറി ജയം നേടിയത്. മത്സരത്തിന് മുൻപ് ദുർബലനായ എതിരാളി എന്നാണ് ഗുകേഷിനെ കാൾസൻ വിശേഷിപ്പിച്ചത്. ഇതിന് ചെസ് ബോർഡിൽ മറുപടി നൽകുകയായിരുന്നു ഗുകേഷ്.
പരാജയത്തിന് പിന്നാലെ,തൻറെ കളി മോശമായിരുന്നുവെന്നും അതിനുള്ള ശിക്ഷയാണ് ലഭിച്ചതെന്നും കാൾസൻ പ്രതികരിച്ചു. ഗുകേഷിൻറെ നീക്കങ്ങൾ മനസിലാക്കുന്നതിൽ പിഴവ് പറ്റിയെന്നും മികച്ച കളിയാണ് ഗുകേഷ് പുറത്തെടുത്തതെന്നും കാൾസൻ സമ്മതിച്ചു. ചെസ് കളിക്കുന്നത് തനിക്കിപ്പോൾ ആസ്വദിക്കാൻ കഴിയുന്നില്ലെന്നും പഴയതുപോലെയുള്ള ഒഴുക്ക് കളിയിൽ നഷ്ടമാകുന്നുവെന്നും കാൾസൻ വെളിപ്പെടുത്തി. അത് തന്നെ നിരാശപ്പെടുത്തുന്നുവെന്നും മോശം പ്രകടനങ്ങൾക്ക് കാരണമാകുന്നുവെന്നും താരം കൂട്ടിച്ചേർത്തു.
നോർവെയുടെ ലോക ഒന്നാം നമ്പർ താരത്തെ കറുത്ത കരുക്കളുമായി കളിച്ചാണ് 18-കാരൻ ഗുകേഷ് പരാജയപ്പെടുത്തിയത്. 49 നീക്കങ്ങൾക്കൊടുവിൽ കാൾസൻ മത്സരം അവസാനിപ്പിക്കുകയായിരുന്നു. കാൾസനെതിരേ ഗുകേഷിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്. ഇതോടെ ആറു കളികളിൽ നിന്ന് 10 പോയന്റുമായി ഗുകേഷ് ഒന്നാമതെത്തി.
Discussion about this post