ഇംഗ്ലീഷ് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് അലക്സ് സ്റ്റുവർട്ട്. ഓപ്പണർ എന്ന നിലയിൽ കരിയർ ആരംഭിച്ച താരം വൈകാതെ തന്നെ ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട വിക്കറ്റ് കീപ്പറായി. ടെസ്റ്റിൽ 8000 റൺസിന് മുകളിൽ റൺസ് നേടി ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിംഗ് നിരയിൽ സ്റ്റുവർട്ട് ഒരു പ്രധാന താരമായി മാറി. വിരമിക്കുമ്പോൾ ടെസ്റ്റിൽ 8463 റൺസ് നേടുകയും ചെയ്തു. അക്കാലത്ത് ക്രിക്കറ്റിലെ ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിൽ ഒരു ഇംഗ്ലീഷ് കളിക്കാരൻ നേടുന്ന രണ്ടാമത്തെ റൺസാണിത്. ടെസ്റ്റിൽ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ നാലാമത്തെ കളിക്കാരനായി അദ്ദേഹം ഇപ്പോഴും തുടരുന്നു.
യാദൃശ്ചികതയിൽ, സ്റ്റുവർട്ടിന്റെ ടെസ്റ്റിലെ ഈ 8463 റൺസ് അദ്ദേഹത്തിന്റെ ജനനത്തീയതിയായ 8/4/63 ന് സമമാണ്. ഇങ്ങനെ എടുത്ത റൺസും ജനനതിയതിയും ഒരേ പോലെ വരുന്ന താരങ്ങൾ ആരും തന്നെ ഇല്ലെന്ന് പറയാം. എന്തായാലും ഇംഗ്ലണ്ട് കണ്ട ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ സ്റ്റുവർട്ട് ആ അപൂർവ ഭാഗ്യത്തിന് ഉടമയാണ്.
ഇംഗ്ലണ്ടിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രയാസകരമായ സമയങ്ങളിലൂടെ കടന്ന് പോയപ്പോൾ 15 ടെസ്റ്റുകളിൽ അദ്ദേഹം നായകനായി. അതിൽ 4 എണ്ണം വിജയിക്കുകയും 8 എണ്ണം തോൽക്കുകയും ചെയ്തു. ടെസ്റ്റിൽ 241 പുറത്താക്കലുകളിൽ ഭാഗമായി ഇംഗ്ലണ്ടിന്റെ ഏറ്റവും വിജയകരമായ മൂന്നാമത്തെ വിക്കറ്റ് കീപ്പറായി അദ്ദേഹം മാറി.
170 ഏകദിനങ്ങളിൽ നിന്ന് 4677 റൺസുമായി ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ അഞ്ചാമത്തെ കളിക്കാരനുമാണ് അലക്സ് സ്റ്റുവർട്ട്.
Discussion about this post