ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ശിങ്കാരിമേളമാകാമെന്ന് ദേവസ്വം ബോർഡ്. ശിങ്കാരിമേളം നിരോധിച്ചു പുറത്തിറക്കിയ ഉത്തരവ് പിൻവലിക്കും. ഗാനമേളകളിൽ ഹിന്ദു ഭക്തിഗാനങ്ങൾ മാത്രമേ ആലപിക്കാവൂ എന്ന നിർദ്ദേശത്തിൽ മാറ്റം ഉണ്ടാകില്ല.
ഡിജെ പാർട്ടി പോലെ കേൾവിക്ക് അരോചകം ഉണ്ടാക്കുന്ന വാദ്യമേളങ്ങൾ ക്ഷേത്ര മതിലകത്ത് നിരോധിക്കാനാണ് തീരുമാനിച്ചതെന്നാണ് ബോർഡിന്റെ വിശദീകരണം. ഉത്തരവ് ഇറങ്ങിയപ്പോൾ അതിൽ ശിങ്കാരി മേളവും ഉൾപ്പെട്ടുപോയതാണ്. തിരുത്താൻ നിർദേശം നൽകിയെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, അംഗം എ അജികുമാർ എന്നിവർ വ്യക്തമാക്കി.
ഹിന്ദുമത വിശ്വാസത്തിനും ആചാരങ്ങൾക്കും എതിരായ കലാപരിപാടികൾ ക്ഷേത്രത്തിൽ അവതരിപ്പിക്കാൻ അനുവദിക്കില്ല. ഇതുസംബന്ധിച്ച ഹൈക്കോടതി നിർദേശം ദേവസ്വം ബോർഡ് കർശനമായി പാലിക്കും. ഗാനമേളകളിൽ രാഷ്ട്രീയ പാർട്ടിയുടെയോ പ്രസ്ഥാനത്തിന്റെയോ പ്രാർത്ഥനാ ഗീതങ്ങൾ ആലപിക്കാൻ പാടില്ലെന്നും അധികൃതർ പറഞ്ഞു.
ഹിന്ദുമത വിശ്വാസത്തിനും ക്ഷേത്രാചാരങ്ങൾക്കും വിരുദ്ധമായി കലാപരിപാടികൾ അവതരിപ്പിക്കില്ലെന്ന് ക്ഷേത്രോപദേശകസമിതി പ്രസിഡന്റും സെക്രട്ടറിയും 200 രൂപ മുദ്രപത്രത്തിൽ ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർക്ക് എഴുതിക്കൊടുക്കണം. അതുചെയ്താലേ പിരിവിനുള്ള കൂപ്പൺ മുദ്രവെച്ചു കൊടുക്കൂ.













Discussion about this post