ടേക്ക്ഓഫിന് നിമിഷങ്ങൾക്ക് മുൻപ് റയാൻ എയർ വിമാനത്തിൽ വന്ന തീപ്പിടിത്ത മുന്നറിയിപ്പിൽ പരിഭ്രാന്തിയിലായി യാത്രക്കാർ. സ്പെയിനിലെ പാൽമ ഡി മല്ലോർക്ക വിമാനത്താവളത്തിലാണ് സംഭവം.മുന്നറിയിപ്പിനെ തുടർന്ന് വിമാനത്തിൽ നിന്ന് യാത്രക്കാർ ചാടിയിറങ്ങുകയും 18 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അഗ്‌നിശമനസേനാ വിഭാഗങ്ങളടക്കം ഉടൻ അടിയന്തര ഇടപെടൽ നടത്തിയെങ്കിലും ചില യാത്രാക്കാർ വിമാനത്തിൽ നിന്ന് ചാടിയിറങ്ങിയതാണ് പരിക്കേൽക്കാനിടയാക്കിയത്. മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ യാത്രക്കാരെ എമർജൻസി എക്സിറ്റുകളിലൂടെ ഒഴിപ്പിച്ചിരുന്നു. എന്നാൽ ചില യാത്രക്കാർ പരിഭ്രാന്തിയിൽ ചിറകുകളിൽ കയറി നിലത്തേക്ക് ചാടുകയായിരുന്നു.
പരിക്കേറ്റ 18 പേരിൽ ആറുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ പറഞ്ഞു. മറ്റുള്ളവർക്ക് വിമാനത്താവളത്തിൽ തന്നെ ചികിത്സ ലഭ്യമാക്കി.തീപ്പിടിത്തം ഉണ്ടാകുമ്പോൾ തെളിയുന്ന ബീക്കൺ ലൈറ്റ് തെറ്റായി കത്തിയതാണെന്ന് പിന്നീട് അധികൃതർ സ്ഥിരീകരിച്ചു.
Discussion about this post