റിയോ ഡി ജനീറോ : ബ്രിക്സ് ഉച്ചകോടിക്കായി എത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മളമായ വരവേൽപ്പൊരുക്കി ബ്രസീൽ. ഗാലിയോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി മോദിക്ക് ബ്രസീൽ ആചാരപരമായ സ്വീകരണം നൽകി. നാലുദിവസത്തെ സന്ദർശനത്തിനായാണ് മോദി ബ്രസീലിൽ എത്തിയിരിക്കുന്നത്. അർജന്റീന സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് പ്രധാനമന്ത്രി ബ്രസീലിലെത്തിയത്.
പതിനേഴാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുകയും ബ്രസീലുമായുള്ള വ്യാപാര, പ്രതിരോധ സഹകരണങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടത്തുകയും ചെയ്യുക എന്നുള്ളതാണ് പ്രധാനമന്ത്രിയുടെ സന്ദർശന ലക്ഷ്യം. ജൂലൈ 6, 7 തീയതികളിൽ റിയോ ഡി ജനീറോയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ മോദി പങ്കെടുക്കും. പിന്നീട് ബ്രസീലിയയിൽ വെച്ച് അദ്ദേഹം ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. വ്യാപാരം, പ്രതിരോധം, ഊർജ്ജം, ബഹിരാകാശം, സാങ്കേതികവിദ്യ, കൃഷി, ആരോഗ്യം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ പരസ്പര താൽപ്പര്യമുള്ള മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനാണ് ഇരു രാജ്യങ്ങളുടെയും ശ്രമം.
ബ്രസീലിലെത്തിയ പ്രധാനമന്ത്രി മോദിയെ ഇന്ത്യൻ പ്രവാസികൾ പരമ്പരാഗത നൃത്തങ്ങളും നാടൻ പാട്ടുകളും ആലപിച്ചുകൊണ്ട് സ്വീകരിച്ചു. ഓപ്പറേഷൻ സിന്ദൂരിനെ പ്രമേയമാക്കി അവതരിപ്പിച്ച നൃത്ത പ്രകടനമായിരുന്നു പ്രധാന ആകർഷണങ്ങളിലൊന്ന്. “ബ്രസീലിലെ ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങൾ റിയോ ഡി ജനീറോയിൽ വളരെ ഊർജ്ജസ്വലമായ സ്വീകരണം നൽകി. അവർ ഇന്ത്യൻ സംസ്കാരവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇന്ത്യയുടെ വികസനത്തിൽ അതിയായ അഭിനിവേശമുള്ളവരാണെന്നും അത്ഭുതകരമാണ്!” എന്ന് എക്‌സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.
ബ്രസീലിലെ പരിപാടികൾക്ക് ശേഷം പ്രധാനമന്ത്രി ജൂലൈ 9 ന് നമീബിയയിലേക്ക് പോകും. അവിടെ അദ്ദേഹം നമീബിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്യും.
Discussion about this post